സംക്രാന്തി (Samkranthi)

ഗൃഹാതുരത നിറഞ്ഞ മുപ്പതു കൊല്ലത്തിന്റെ നല്ലൊരു ഭാഗം പകല്‍ക്കിനാവുകള്‍ക്ക്... ഇനിയങ്ങോട്ടും...

Tuesday, May 29, 2007

 

ബാബിലോണില്‍ നിന്ന്

“ഇനിയൊള്ള കാലം പത്തുപാസായാലൊന്നും ജോലി കിട്ടുകേല. ടെക്നിക്കലു തന്നെ വേണം”

മറിയാച്ചിയ്ക്കും തോന്നി. ‘ജോലി കിട്ടുവേല്‍ അതിനു പോട്ടെ. സിക്സ്ത് പഠിച്ചവനെ എന്നാ ജോലിക്കു കൊള്ളും’.

ഏതായാലും കൊടുത്ത അപേക്ഷയില്‍, ചേട്ടനെയും അനിയനെയും ഇന്റര്‍വ്യൂവിന് വിളിച്ചു. സ്കൂളിന്റെ പണി തീരുന്നതേയുള്ളൂ. അതുകൊണ്ട്, അടുത്തുള്ള ഒരു വീട്ടില്‍ വച്ചാണ് ഇന്റര്‍വ്യൂ. അറുപതുപേരെ മാത്രമേ എടുക്കുകയുള്ളൂ.

മാണിച്ചനും മറിയാച്ചിയ്ക്കും സംശയമായി. രണ്ടുപേരെയും എടുക്കുമോ ? അവുസേപ്പച്ചന് തടിയുണ്ട്. വന്നിരിക്കുന്ന പിള്ളേരെ വച്ചുനോക്കിയാല്‍, അവിരാച്ചന്‍ കിശുവാണ്.

കൂടമെടുത്ത് മിറ്റത്തിട്ടിരിക്കുന്ന തടിയില്‍ നിറുത്താതെ പത്തുതവണ ആഞ്ഞടിക്കണം. അതുകണ്ടിട്ട് ആരോഗ്യമൊണ്ടോന്ന് സൂപ്രണ്ട് തീരുമാനിക്കും. ചെലരെ പറഞ്ഞു വിടുന്നുമൊണ്ട്. കൊല്ലന്റെ പണീം ആശാരീടെ പണീം മൂശാരീടെ പണീമൊക്കെ പഠിക്കാനൊണ്ടെന്ന്. അതിന് ആരോഗ്യമൊള്ള പിള്ളേരു തന്നെ വേണം. പിന്നെ, നാലു കട്ടയും ഒരു പടവും കൊടുക്കും. കട്ട തിരിച്ചും മറിച്ചും വച്ച് പടത്തിന് ഒപ്പിച്ചുവക്കണം.

മൂത്തവനെ എടുത്തു. രണ്ടാമന്റെ ഊഴമായപ്പഴ്, മാണിച്ചന്‍ കേറിച്ചെന്ന് സൂപ്രണ്ടിനോടു പറഞ്ഞു. “ഓസേപ്പച്ചന്റെ എളേതാ. രണ്ടുപേര്‍ക്കും കിട്ടിയാരുന്നേല്‍ ഒരുമിച്ചു പഠിച്ചേനെ.”

സൂപ്രണ്ട് അവിരാച്ചനെ ഒന്നു സൂക്ഷിച്ചുനോക്കി. “കൂടമെടുത്ത് ഇടിച്ചേ, നോക്കട്ടെ”.

അവിരാച്ചന്‍ കൂടമെടുത്ത് ഇടിച്ച നേരത്ത് ചാച്ചനും ചേട്ടനും മാതാവിനോട് പ്രാര്‍ത്ഥിച്ചോണ്ടു നിന്നു. എട്ടുവരെയേ ഇടിച്ചൊള്ളൂ. ഏതായാലും സൂപ്രണ്ടിന് ദയ തോന്നി രണ്ടുപേരെയും എടുത്തു.

സക്കറിയാസച്ചനോട് അനുവാദം ചോദിക്കാന്‍ ചെന്നു. സ്വന്തമെന്നു പറയാനുള്ള ഒരേയൊരച്ചനാണ്.

അച്ചന്‍ ഒത്തിരി വഴക്കു പറഞ്ഞു. “താന്‍ എന്നാ ഓര്‍ത്താ മാണിച്ചാ ആമ്പിള്ളേരെ രണ്ടിനേം ആരാണ്ടുപറഞ്ഞതു കേട്ട് അറിയാന്‍ മേലാത്ത പഠിത്തത്തിനു വിടുന്നേ” ?

“ഒന്നുവല്ലേലും അച്ചാ, ഫീസുകൊടുക്കണ്ടല്ലോ”

“ഫീസില്ലേല്‍ ഞാന്‍ കൊടുത്തോളം. ഇതിനൊന്നും വിടേണ്ട”

ഒച്ച കേട്ട് വികാരിയച്ചന്‍ മുറിയില്‍ നിന്നിറങ്ങി വന്നു. “അതല്ല സക്കറിയാസച്ചാ, കാലം മാറുകയാ. ടെക്നിക്കല്‍ വിദ്യാഭ്യാസത്തിന്റെ കാലമാ വരാന്‍ പോകുന്നത്. ഇതുപഠിച്ചാല്‍ എവിടേലും ജോലികിട്ടും. വെറും പത്തു ജയിച്ചാല്‍ ഇവന്മാര്‍ക്ക് നമ്മടെ സ്കൂളില്‍ അച്ചന്‍ ജോലി കൊടുക്കുമോ”

വികാരിയച്ചന്‍ ഒറ്റയൊരാള് കാരണം ഒടുവില്‍ സക്കറിയാസച്ചന്‍ സമ്മതിച്ചു.

ടെക്നിക്കല്‍ സ്കൂളില്‍ ചേര്‍ന്നു കഴിഞ്ഞാ കാര്യം മുഴുവന്‍ അറിയുന്നത്. വര്‍ക്ക് ഷാപ്പില്‍ കേറാന്‍ യൂണിഫോറം വേണം. കാക്കിപ്പാന്റും വെള്ള ഷര്‍ട്ടും ഷൂസും. തത്കാലത്തേയ്ക്ക് ഷൂസിനുപകരം റബ്ബറിന്റെ വള്ളിച്ചെരിപ്പു മേടിച്ചു. അതെങ്കിലും ഇല്ലാതെ വര്‍ക്ക് ഷാപ്പില്‍ കേറ്റിയേല. ആറുമാസത്തിനകം വള്ളിച്ചെരിപ്പുമാറ്റി ഷൂസ് മേടിച്ചോണം.

ദൈവം സഹായിച്ച് അവുസേപ്പച്ചന് സ്കോളര്‍ഷിപ്പ് കിട്ടി. മാര്‍ക്കുനോക്കി കിട്ടിയതാ. ആറുമാസത്തേയ്ക്ക് ഇരുപതുരൂപാ വീതം നൂറ്റിയിരുപതുരൂപാ. അതും ഒപ്പിട്ടു മേടിച്ചോണ്ട് വരുന്ന വഴിയ്ക്ക് ശിവരാമന്നായരടെ കടേക്കേറി ചാച്ചന്‍ ഏതാണ്ടേല്ലാം മേടിച്ചു. കളയ്ക്ക് പിണ്ണാക്ക്, ഉള്ളീം കരിപ്പെട്ടീം, മുറുക്കാന്‍പൊകലേം. എല്ലാം കൂട്ടിക്കഴിഞ്ഞ് ചാച്ചന്‍ പറഞ്ഞു. “ആ രൂപാ ഇങ്ങുതാടാ”

ചങ്കുപറിച്ചുകൊടുക്കുന്ന പോലെയാണ് നോട്ടെടുത്തുകൊടുത്തത്.

പോന്ന വഴിമുഴുവന്‍ വെഷമമായിരുന്നു. നൂറ്റിയിരുപതു രൂപാ കിട്ടിയത് ഇതിനാരുന്നോ. തനിക്കു മാര്‍ക്കൊള്ളതുകൊണ്ടാ അതു കിട്ടിയേ. അതീ മുക്കാലും കടേക്കൊടുത്തു. മിച്ചം ചാച്ചന്റെ മടിയിലുമായി.

ഇനി അതൊണ്ടോ കിട്ടാന്‍ പോണു ?

വീട്ടിച്ചെന്നയൊടനേ അമ്മച്ചിയോട് പറഞ്ഞുകൊടുത്തു. അമ്മച്ചി ചീറ്റപ്പുലി പോലെ ചാടി. “അവുസേപ്പച്ചന്‍ പഠിച്ചുമിടുക്കനായി മാര്‍ക്കു മേടിച്ചു കിട്ടിയ കാശ് ഉപ്പും തവിടുമായി കളയാന്‍ നാണമില്ലേ മനുഷ്യാ നിങ്ങള്‍ക്ക്”

“ഞാനെന്നാ അതു കുടിക്കാനെടുത്തതല്ലല്ലോ! “

“പിള്ളേര്‍ക്ക് അതുകൊടുത്തേച്ച് ഷൂസേലും മേടീര്”

ഷൂസുമേടിക്കാന്‍ കുഞ്ഞുമാണി അവുസേപ്പച്ചനേം കൂട്ടി പാലായ്ക്ക് പോയി.

ഷൂസിനെല്ലാം ഭയങ്കര വെല. ഒടുവില്‍ ചേട്ടനും അനിയനും വേണ്ടി ഓരോ ക്യാന്‍.വാസിന്റെ ഷൂസും മേടിച്ചോണ്ട് പോന്നു. ഷൂ‍സിട്ട് നടന്നുപോരുമ്പം മനസ്സുനെറഞ്ഞു. വല്യ ആള്‍ക്കാരല്ലേ ഷൂസിട്ട് നടക്കുന്നത്.

ചെറുകരപ്പള്ളീടെ മുന്നിലെത്തിയപ്പോള്‍ ഒരു വല്ലായ്മ. ദീനം വന്നുമരിച്ചുപോയ ഏറ്റവും ഇളയ അനിയന്‍ മാണിക്കുട്ടീടെ കാര്യമോര്‍ത്തു. പാവം ശവക്കോട്ടേല്‍ കെടക്കുവാണല്ലോ. എന്തെല്ലാം മോഹക്കാരനാരുന്നു. ടിപ്പായിട്ടേ എപ്പഴും നടക്കുവാരുന്നൊള്ളൂ. തലമുടി പൊറകോട്ടു ചീകി, പൊട്ടക്കണ്ണാടീടെ മുന്നില്‍ നിക്കും. ചങ്കു വിരിച്ച്, കൈ രണ്ടും വീശിയേ നടക്കത്തുള്ളു. നിക്കറും ഉടുപ്പും എപ്പഴും വെളുത്തിരിക്കണം. ഒള്ളതില്‍ ഏറ്റവും നല്ല മീങ്കറിക്കഷണം വേണം. അടങ്ങിയിരിക്കുകേല. പാവം എങ്ങനെ ശവക്കുഴീല്‍ അടങ്ങിക്കെടക്കും. എഴുന്നേറ്റ് ശവക്കോട്ടേടെ മതിലേലിരിപ്പൊണ്ടാരിക്കും.

അവിടിരുന്നാല്‍ വഴിയേ പോകുന്ന ചേട്ടായി ഷൂസിട്ടോണ്ടു നടക്കുന്നതുകാണാം.

ഷൂസിട്ടു നടക്കാന്‍ സങ്കടം തോന്നി. അതൂരി കൈയില്‍ പിടിച്ചു.

“എന്നാടാ ഷൂസൂരിയേ, കാലുംവേദന എടുക്കുന്നുണ്ടോ” ?

“ഉം”


വീട്ടില്‍ ചെന്നപ്പം കൊള്ളാവുന്ന ഷൂസൊന്നും മേടിക്കാഞ്ഞതിന് മറിയാച്ചിക്ക് കലികേറി. “കുടിക്കാന്‍ കാശൊണ്ടാരുന്നല്ലോ. അതുകൊറച്ചില്ലല്ലോ ! ആമ്പെറന്നോന്മാര്‍ക്ക് മക്കളോട് സ്നേഹം വേണം“

“എന്റെ കാശുകൊടുത്തേച്ചാ ഞാന്‍ കുടിക്കുന്നെ. നിന്നോട് കണക്കുപറയണ്ട കാര്യം എനിക്കില്ല”

വഴക്കുമൂത്തപ്പോള്‍ അവുസേപ്പച്ചന്‍ പുറത്തോട്ടിറങ്ങി.

മുറ്റത്തോട്ടെറങ്ങി പടിഞ്ഞാട്ടു നടന്ന് കമ്പേലിരുന്നു.

നല്ല നിലാവൊണ്ട്. നിലാവിന്റെ ഭംഗി വഴക്കിന്റെ ഒച്ചയില്‍ മുങ്ങിപ്പോകുന്നു. സ്വന്തം കാശുകൊണ്ട് ഷൂസുമേടിച്ച് സന്തോഷമായി വന്നതാ. സന്തോഷിക്കാന്‍ സമ്മതിക്കിയേലേലോ ?

മടുത്തു. എന്നും പതിവാ. ചാച്ചന്‍ കുടിക്കും. വന്നാലൊടനെ അമ്മ തൊടങ്ങും. ഇന്നിപ്പോള്‍ ക്യാന്‍ വാസ് ഷൂസൊരു കാരണം. രണ്ടുപേരും വിട്ടുകൊടുക്കിയേല. കെടന്നൊറക്കം വരുന്ന വരെ പറഞ്ഞോണ്ടീരിക്കും. പിള്ളേര് ഇരുന്നു പഠിക്കുവാന്നുപോലും ആരും ഓര്‍ക്കുന്നില്ല.

പഠിയ്ക്കണം. പഠിച്ചുപോയി ഈ നരകത്തീന്ന് രക്ഷപെടണം.


(എന്റെ പിതാശ്രീ എഴുതി പ്രസിദ്ധീകരിച്ചുവരുന്ന ഒരു നോവലിന്റെ രണ്ടാം ഭാഗത്തുനിന്ന് ഉദ്ധരിച്ചത്. നോവലിനുപകരം ആത്മകഥ‍ എന്നും പറയാം)

Thursday, March 01, 2007

 

എമ്മി

കൈപ്പത്തിയിലെയ്ക്ക് മെഴുക് ഒലിച്ച് വീഴുന്നതിന്റെ ചൂടില്‍ വീണ്ടും കണ്ണുകള്‍ വലിച്ചു തുറന്നു. ടാര്‍പോളിന്‍ കടന്ന് വരുന്ന നീല വെളിച്ചത്തിലും കണ്ണുകള്‍ പുളിയ്ക്കുന്നുണ്ട്. മിതമായ ശബ്ദത്തില്‍ പ്രാര്‍ത്ഥന തുടരുന്നു. പ്രാര്‍ത്ഥനയ്ക്കൊപ്പം നെടുവീര്‍പ്പുകളും അടക്കിയ തേങ്ങലുകളുമുയരുന്നു. കോളേജില്‍ നിന്നെത്തിയ പെണ്‍കുട്ടികള്‍ ഇപ്പോഴേ കണ്ണുകള്‍ തുടച്ചു‍ തുടങ്ങിയിരിക്കുന്നു.

അറിയാതെ കണ്ണുകളടഞ്ഞുപോകുന്നു; പകലുറക്കം വെറുപ്പായിട്ടും. ആകെ അറിയാതെ പകലുറങ്ങിയിട്ടുള്ളത് തീവണ്ടിയ്ക്കുള്ളിലാണ്; മൂന്നു രാവും മൂന്നു പകലും നീണ്ട, സുഖകരമായ കുലുക്കങ്ങള്‍ക്കും കാഴ്ചകള്‍ക്കും നടുവില്‍.

എന്തുകൊണ്ടാണ് രക്തബന്ധമില്ലാത്ത ചിലരോടെങ്കിലും ഇത്രയും അടുപ്പം തോന്നിപ്പോകുന്നത് ? എന്തുകൊണ്ടാണ് രക്തബന്ധമില്ലാത്ത ചിലരെങ്കിലും വിടവാങ്ങുമ്പോള്‍, ഉറക്കമിളച്ച് മൃതശരീരത്തിന് കൂട്ടിരിയ്ക്കണമെന്ന് തോന്നുന്നത് ? ആര്‍ക്കെന്ത് പ്രയോജനമുണ്ടായിട്ടാണ് രക്തബന്ധമുള്ളവര്‍ പോലും ഉറങ്ങുമ്പോള്‍, കാരണവര്‍ നിര്‍ബന്ധിച്ചിട്ടുപോലും പോയിക്കിടന്ന് ഉറങ്ങണമെന്ന് തോന്നാഞ്ഞത് ?

കണ്ണുകള്‍ ശ്രമപ്പെട്ട് വലിച്ചുതുറന്ന്, തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിനിടയില്‍ എമ്മിയെ തിരഞ്ഞു. ഇപ്പോഴും കാണുന്നില്ല. പന്തലിനുള്ളില്‍ തന്നെ ഉണ്ടാവേണ്ടതാണല്ലൊ. ഇന്നലെ പകലും വൈകിട്ടും മുഴുവന്‍ ഒപ്പമുണ്ടായിരുന്നു. പിന്നെ കണ്ടിട്ടില്ല.

പ്രാര്‍ത്ഥന തീര്‍ന്നിരിക്കുന്നു. ഇപ്പോള്‍, പന്തലില്‍ ‘വിടവാങ്ങുന്നേന്‍‘ മുഴങ്ങുന്നു. കണ്ണു തുടച്ചു നിന്നിരുന്ന വിദ്യാര്‍ത്ഥിനികള്‍ വായ് പൊത്തിക്കരയുന്നു. ആണ്‍കുട്ടികള്‍ കണ്ണുതുടയ്ക്കുന്നു. എമ്മിയെ ഇപ്പോള്‍ കാണാം. മൃതശരീരത്തിനു വളരെയടുത്തായി. നെടുവീര്‍പ്പുകളും തേങ്ങലുകളും ഉറക്കെയുള്ള കരച്ചിലുകളായി മാറിയിരിക്കുന്നു. എമ്മിയും കരയുന്നുണ്ട്.

കൃത്യമായ നേരങ്ങളില്‍ പാടേണ്ട ശോകഗീതങ്ങളും ഉച്ചഭാഷിണികളും ഇല്ലായിരുന്നെങ്കില്‍ അന്തിമ വിടവാങ്ങല്‍ എത്രയോ എളുപ്പമായിരുന്നേനെ. ജീവിതത്തില്‍, ഇടയ്ക്കിടയ്ക്ക് എന്തെങ്കിലുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കേണ്ടതുണ്ടോ ?

മൃതശരീരവും എമ്മിയും പിന്നെ അച്ചനും നീങ്ങുന്നതിനു പിന്നാലെ അനുസരണയോടെ ജനക്കൂ‍ട്ടവും. പെര്‍ഫ്യൂമിന്റെയും ചന്ദനത്തിരിയുടെയും കൂടിക്കുഴഞ്ഞ മണത്തെ പിന്നിലാക്കിക്കൊണ്ട്, ഗേറ്റടച്ച് ഞാനും രക്തബന്ധമില്ലാത്തവളുടെ അന്ത്യയാത്രയെ അനുഗമിച്ചു.

Labels:


Saturday, December 23, 2006

 

റീയിംബേഴ്സ്മെന്റ്

(1996-ല്‍ പ്രസിദ്ധീകരിച്ചത്)


മുഖത്തുണ്ടായ ഭാവമാറ്റം അമ്മ കാണാതിരിക്കാന്‍ ജോയിക്ക് ഏറെ പണിപ്പെടേണ്ടി വന്നു. തൊട്ടടുത്ത് അമ്മ തന്നിട്ടു പോയ അഞ്ഞൂ‍റിന്റെ ഒറ്റനോട്ട് ഫാനിന്റെ കീഴില്‍ കാറ്റിലിളകി വിറച്ചു. ഇതില്‍ നിന്ന് താന്‍ വാങ്ങിക്കൊടുത്ത സാരിയുടെ വിലയായ തുക കഴിച്ച് ബാക്കി അമ്മ പ്രതീക്ഷിക്കുന്നുണ്ടാവുമോ എന്ന് അവന് ആശങ്ക തോന്നി. ചുറ്റുമുള്ളതെല്ലാം നിശബ്ദമായിരുന്നു. മുറ്റത്ത് കുഞ്ഞുങ്ങളെ കൊത്തിപ്പിരിക്കുന്ന തള്ളക്കോഴിയുടെ ശബ്ദമൊഴികെ.

ദീര്‍ഘമാ‍യ ഒന്നര വര്‍ഷത്തെ പ്രവാസത്തിനുശേഷം നാടും വീടും കാണാന്‍ കൊതിയോടെ വന്നെത്തിയതാണ്. ജോലിക്ക് കയറിയ നാളുകളില്‍ സ്വന്തമായി വാങ്ങിയ യൂണിഫോമിന്റെ വില റീയിംബേഴ്സ് ചെയ്തുകിട്ടിയപ്പോഴാണ് നാട്ടില്‍പ്പോരാനുള്ള തോന്നലുണ്ടായത്. ബാക്കിപണം റൂം-മേറ്റിനോട് കടം വാങ്ങിയപ്പോള്‍ പോരാന്‍ ധൈര്യമായി.

ചുവപ്പില്‍ ഇളംനീല ഷേയ്ഡുകളുള്ള ആ സാരി മേലാകെചുറ്റി അനിയത്തി കോളേജില്‍ പോകുന്നതും ഇതെവിടെ നിന്ന് എന്ന് ചോദിക്കുന്ന കൂട്ടുകാരികളോട് ‘ചേട്ടായി അവധിയ്ക്ക് വന്നപ്പോള്‍ കൊണ്ടുവന്നതാണ്” എന്ന് അഭിമാനത്തോടെ അവള്‍ മറുപടി പറയുന്നതും ഒക്കെ ദിവാസ്വപ്നം കണ്ടുകൊണ്ടാണ് അവന്‍ ട്രെയിനില്‍ സമയം പോക്കിയതുതന്നെ. എന്നാല്‍ ആ സാരിയില്‍ ജോയിക്ക് പങ്കില്ല. അതു കാണുമ്പോള്‍ ആരും അഭിമാനത്തോടെ ജോയിയെ ഓര്‍ക്കേണ്ട കാര്യവുമില്ല.

അമ്മ പോയിക്കഴിഞ്ഞപ്പോള്‍ പതുപതുത്ത സ്പോഞ്ച് തലയിണയില്‍ മുഖമമര്‍ത്തി അവന്‍ തേങ്ങി. കണ്ണില്‍ നിന്നും തിങ്ങിച്ചാടിയ നീര്‍ത്തുള്ളികളെ തലയിണ വലിച്ചെടുത്തു. ഇരുപത്തിരണ്ടു വയസ്സിന്റെ ജീവിതത്തിനിടയില്‍ ഇരുപത് വര്‍ഷവും കൂടെയുറങ്ങിയ തലയിണ. ദീര്‍ഘനാളത്തെ സഹശയനത്തിന്റെ സമ്മാനമായി ഒട്ടനവധി ചുബനങ്ങളും ഉച്ഛ്വാസവും വിയര്‍പ്പും കണ്ണീരും ഏറ്റുവാങ്ങിയ ആ പഴയ തലയിണ.

അമ്മയുടെ കത്ത് വന്നിട്ട് കുറേക്കാലമായിരുന്നു. അവധിയെടുത്ത് താന്‍ വരുമെന്ന് അറിയിച്ചപ്പോള്‍ മറുപടിയായി വന്ന കത്ത്. അതിലെഴുതിയിരുന്ന വരികള്‍ : “വരുമ്പോള്‍ സൌമ്യമോള്‍ക്ക് ഒരു സാരികൂടി കൊണ്ടുവരണം. അവിടെ വിലക്കുറവുണ്ടാകുമല്ലോ തുണികള്‍ക്ക്. അവള്‍ കോളേജില്‍ സാരി ഉടുത്തുകൊണ്ടുപോകാനായിരിക്കുന്നു. ഇവിടെ കിട്ടാഞ്ഞല്ല. ആദ്യമായി സാരി ഉടുക്കുന്നത് നിന്റെ സമ്മാനമാകട്ടെ വേറെയാര്‍ക്കും ഒന്നും വേണ്ട” അതിന്റെ വിലയാണ് തന്റെയൊപ്പം കിടന്ന് വിറ കൊള്ളുന്ന ഈ നോട്ട്. വാസ്തവത്തില്‍ അമ്മയുടെ കത്തിനുമുന്നെ തന്നെ അനിയത്തിയ്ക്കും മറ്റെല്ലാവര്‍ക്കും തുണികള്‍ വാങ്ങിയിരുന്നു.

ഒന്നര വര്‍ഷത്തിനു ശേഷമുള്ള ആദ്യത്തെ സന്ദര്‍ശനം. എല്ലാവരും കാത്തിരിക്കുന്ന വരവ്. അപ്പോള്‍ വെറും കൈയോടെ കയറി വരുന്നതു ശരിയല്ലല്ലോ. അച്ഛന്‍ മരിച്ചതിനുശേഷം അടുത്തയാളെന്ന നിലയില്‍ താന്‍ ഉത്തരവാദിത്വപ്പെട്ടയാളാണെന്നുള്ളത് മറക്കാനും വയ്യ.

മുഖം കട്ടിലില്‍ തന്നെയുള്ള തലയിണയില്‍ തുടച്ച് അവന്‍ മുറ്റത്തേയ്ക്കിറങ്ങി. വിരിച്ച മണലെല്ലാം ഒഴുകിത്തീരാറായ കൊച്ചുമുറ്റം. പോകുന്നതിനുമുന്‍പ് താന്‍ വച്ചുപിടിപ്പിച്ച ചെടികള്‍. പക്ഷേ, ഇപ്പോഴവയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതുമാത്രം ചെടിച്ചട്ടികളില്‍ ജീവിക്കുന്നു. മുറ്റത്തുനിന്ന് ചട്ടികളിലേയ്ക്കുള്ള ട്രാന്‍സ്ഫര്‍ ഇഷ്ടപ്പെടാത്തതുപോലെ പലതും വാടി നില്‍ക്കുന്നു. വെട്ടിവിടാനാളില്ലാതിരുന്നതുകൊണ്ട് ഗ്രാസ് കോര്‍ട്ടിന്റെ അതിര്‍ത്തികള്‍ കടക്കാന്‍ തുടങ്ങിയ ആസ്ട്രേലിയന്‍ ഗ്രാസ്.

വാടി നിന്ന ചെടികള്‍ക്ക് ദാഹജലം കൊടുത്തു. വളരെക്കാലം കൂടി നനവു കിട്ടിയ ആര്‍ത്തിയില്‍ ചെടികള്‍ ദാഹം തീര്‍ത്തു. എങ്കിലും രാവിലത്തെ തണുപ്പെല്ലാം മാറി വെയിലാരംഭിക്കാന്‍ തുടങ്ങിയിരുന്നതുകൊണ്ട് ഇപ്പോള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ക്കുപകാരപ്പെടുമോ എന്തോ.

ജ്ജൊയി കണ്ണുകള്‍ ഉയര്‍ത്തി നോക്കി. റോഡിനപ്പുറം, മുന്‍പ് കൂട്ടുകാരോടൊത്ത് കൂടിയിരുന്ന റബ്ബര്‍ തോട്ടവും തോട്ടത്തിനു ചുറ്റും വളര്‍ത്തിയിരുന്ന തേക്കുബല്‍റ്റും കുറുകെ ആറ്റിലേയ്ക്ക് നീണ്ടുപോകുന്ന കുഞ്ഞുവഴിയും എല്ലാം ചെറുതായപോലെ. ഓര്‍മ്മയുടെ മുഖ്യ ധാരയില്‍ വലിയ സ്ഥാനം പിടിച്ചതുകൊണ്ടായിരിക്കണം ഇതൊക്കെ ഇപ്പോള്‍ ചെറുതായി തോന്നുന്നത്.

അപ്പോഴാണ് അച്ഛന്റെ ഓര്‍മ്മകള്‍ മനസ്സിലുണര്‍ന്നത്. സ്നേഹത്തിന്റെ മുഖത്തോടെ മാത്രം കണ്ടിട്ടുള്ള അച്ഛന്‍. അച്ഛന്‍ഊണ്ടായിരുന്നപ്പോല്‍ ഒരു കാര്യത്തിനും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. അനിയനേക്കാള്‍, അനിയത്തിയേക്കാള്‍ തന്നോടായിരുന്നു അച്ഛനിഷ്ടം. പഠിപ്പില്‍ പിന്നോക്കം നില്‍ക്കുമ്പോഴും കൂട്ടുകാരുടെയത്രയും മാര്‍ക്ക് വാങ്ങാത്തപ്പോഴുമൊക്കെ അച്ഛന്‍ ആശ്വസിപ്പിക്കും “സാരമില്ല, അടുത്ത തവണ നീ ചെയ്താല്‍ മതി” അമ്മയുടെ കുറ്റപ്പെടുത്തലുകള്‍ തടയുന്നതും അച്ഛനായിരിക്കും. “പഠിപ്പില്‍ ഒന്നാമനല്ലെങ്കിലും നിന്റെ മൂല്യങ്ങള്‍ കൈവിടാതിരുന്നാല്‍ മതി. സ്വയം തെറ്റു ചെയ്യാതിരിക്കുക, മറ്റുള്ളവരെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കാതിരിക്കുക”. അക്കാര്യത്തില്‍ അച്ഛനെ നിരാശപ്പെടുത്തേണ്ടി വന്നിട്ടുമില്ല.

അകാലത്തില്‍ അച്ഛന്‍ മരിച്ചപ്പോഴാണ് തളര്‍ന്നുപോയത്. സംഭവിക്കാന്‍ പാടില്ലാത്തതും സംഭവിക്കില്ലാത്തതുമായ എന്തോ ഒന്ന് സംഭവിച്ചതുപോലെ. എന്നാലും പഹ്റ്റിയെ ധൈര്യം വീണ്ടെടുത്തു. അമ്മയുമുണ്ടായിരുന്നു ഒപ്പം. പഠിത്തം പൂര്‍ത്തിയാക്കി ജോലിയന്വേഷിച്ച് പോകുന്നതുവരെ കുടുംബത്തിന്റെ നെടുന്തൂണ് എന്നൊക്കെയാണ് സ്വയം കരുതിയിരുന്നത്.

പക്ഷേ, അനിയത്തിക്ക് ഒരു സാരി പോലും വാങ്ങിക്കൊടുക്കാന്‍ അനുവദിക്കാത്ത വിധം താന്‍ കൊത്തിപ്പിരിക്കപ്പെട്ടിരിക്കുന്നു. വെറും അഞ്ഞൂറിന്റെ ഒറ്റ നോട്ട് - ഞാറു പറിച്ചു നടുന്ന ചിത്രമുള്ള, രണ്ടായി തിരിക്കുന്ന നൂല്‍ക്കമ്പിയുടെ ബലത്തില്‍ മാത്രം നിലനില്‍ക്കുന്ന വെറും ഒരു നോട്ട് - തന്നെ അന്യനാക്കിയിരിക്കുന്നു.

തള്ളക്കോഴിയുടെ കൂടെ നിന്നും പിരിയാന്‍ മടി കാണിച്ച ഒരു കോഴിക്കുഞ്ഞിന്റെ “കീയോ... കീയോ...“ ശബ്ദം മാത്രം കറങ്ങുന്ന ഫാനിന്റെ ശബ്ദത്തിനുമേലെ മുഴങ്ങിക്കൊണ്ടിരുന്നു.

Sunday, December 10, 2006

 

കപ്പിത്താന്റെ വധു

.
ഒന്നാം ഭാഗം
(രണ്ടും മൂന്നും ഭാഗങ്ങള്‍ക്കായി താഴെയ്ക്ക് സ്ക്രോള്‍ ചെയ്യുക)


1979-ലെ വേനല്‍.

ഒരുകാര്യത്തിനും സമാധാനം തരാതെ എന്നെ നിര്‍ത്തിപ്പൊരിക്കുമായിരുന്ന എന്റെ പപ്പാ എനിക്കൊരു സൈക്കിള്‍ വാങ്ങിത്തന്നതുതന്നെ എനിക്ക് അത്ഭുതമായിരുന്നു. നേവിക്കാര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കൊച്ചുസൈക്കിള്‍.

ഒരുതവണ അലക്സ് അച്ചന്റെ കൈയില്‍ നിന്ന് കുര്‍ബ്ബാന വാങ്ങാന്‍ ക്യൂ നിന്ന വഴിയ്ക്ക് ഞാന്‍ തലകറങ്ങി വീണതുമുതലാണ് പപ്പായ്ക്ക് എന്തെങ്കിലുമൊരു മയം, എന്നോടെങ്കിലു‍മുള്ള പെരുമാറ്റത്തില്‍ കാണാന്‍ തുടങ്ങിയത്.

ഇത്തരം തലകറക്കം മതിഭ്രമത്തിന്റെ ലക്ഷണമാണെന്നും തിരുമേനിയെക്കൊണ്ട് എന്റെ തലയ്ക്ക് പിടിപ്പിയ്ക്കേണ്ടതാണെന്നും മമ്മി വാദിക്കാന്‍ ശ്രമിച്ചെങ്കിലും, ഇതുവെറും യാദൃശ്ചികമാണെന്ന് ഉറപ്പിച്ചുപറഞ്ഞ് പപ്പാ ആ അദ്ധ്യായം ഒഴിവാക്കിക്കളഞ്ഞു.

കളിക്കൂട്ടുകാരായി സമപ്രായക്കാരാരുമില്ലാതിരുന്ന എനിക്ക് സൌഹ്രൃദം കൂടാനുള്ള ആകെയൊരു വഴി, മുതിര്‍ന്ന കുട്ടികളുമായി ചങ്ങാത്തമുണ്ടാക്കുകയെന്നതായിരുന്നതുകൊണ്ട്, അവരുടെയൊപ്പം നില്‍ക്കാന്‍ ഈ സൈക്കിളെങ്കിലും എന്നെ പ്രാപ്തനാക്കുമെന്നു ഞാന്‍ ആശിച്ചു.

ഞങ്ങളുടെ വീടിനടുത്തുകൂടിയൊഴുകുന്ന പുഴയുടെ, തണലില്ലാതെ വിരിഞ്ഞുകിടക്കുന്ന വിജനമായ മണല്‍ക്കരകളിലൂടെ, നല്ല സൂര്യപ്രകാശമുള്ള എതുസമയത്തും, എന്റെ കൊച്ചുസൈക്കിള്‍ പായിച്ച് ആഹ്ലാദചിത്തനായി കഴിഞ്ഞുപോന്നിരുന്ന കാലം.

മണല്‍ക്കരയില്‍ പുതുതായി വീ‍ടുനിര്‍മ്മിച്ച് താമസത്തിനു വന്ന കപ്പിത്താനും അയാളുടെ അതിസുന്ദരിയായ നവവധുവും പുതുസൌഹൃദത്തിനായി തിരഞ്ഞെടുത്തത് അയല്പക്കക്കാരായ ഞങ്ങളെയായിരുന്നു.

ഏതുകാര്യത്തിനും അലറിവിളിയ്ക്കുമായിരുന്ന പപ്പാ, ഞങ്ങളെ കപ്പിത്താന്റെ വീട്ടില്‍ അത്താഴവിരുന്നിനു ക്ഷണിച്ചതുമുതല്‍ പതിവില്ലാത്തൊരു ഗൌരവത്തിലാണ് പെരുമാറിയിരുന്നത്.

അത്താഴവിരുന്നിന് പാലിക്കേണ്ട പെരുമാറ്റ മര്യാദകളെപ്പറ്റി വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് പരിശീലനം തന്ന് തന്ന്, മിച്ചമുണ്ടായിരുന്ന സ്വൈര്യം കൂടി പപ്പാ കെടുത്തിക്കളഞ്ഞു.

സാരിയ്ക്ക് പകരം, ഇറക്കവും കട്ടിയുമുള്ള മഞ്ഞക്രീം നിറമുള്ള ഒരു പാവാടയും, കറുത്ത സില്‍ക്കുതുണിയില്‍ നിറയെ ചെറുവെള്ളവൃത്തങ്ങള്‍ ഉണ്ടായിരുന്ന ഒരു മേലുടുപ്പുമാണ് അന്നത്ത അത്താഴവിരുന്നിന് എലിസബത്ത്, കപ്പിത്താന്റെ നവവധു, ധരിച്ചിരുന്നത്. ഉപ്പൂറ്റിയെ ഉയര്‍ത്തിനിര്‍ത്തുന്ന തരം തുകല്‍ച്ചെരിപ്പും അവര്‍ ധരിച്ചിരുന്നു.

മമ്മിയെ അതിശയിപ്പിച്ചുകൊണ്ട്, മിക്കവാറും കണ്ണുകള്‍ ഉയര്‍ത്താതെ സംസാരിച്ചിരുന്ന, ഒരു കപ്പിത്താന്റെ ഭാര്യയ്ക്ക് നന്നായി യോജിച്ച പ്രൌഡഗംഭീരമായ ഒരു പുഞ്ചിരി എപ്പോഴും ചുണ്ടുകളിലൊളില്‍ നിന്ന് പ്രസരിപ്പിച്ചിരുന്ന എലിസബത്തിനെ, വിരുന്നിനിടെ ആരാധനയോടെ മമ്മി നോക്കുന്നത് പപ്പാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിരുന്നിന്റെ മര്യാദകള്‍ പാലിക്കാതിരിക്കുന്നതിന് വീട്ടില്‍ ചെന്നാല്‍ മമ്മിയ്ക്ക് പപ്പായുടെ വക വഴക്കുകിട്ടുമെന്നുറപ്പായിരുന്നു.

കപ്പിത്താന് കപ്പലോട്ടത്തിനായി തിരിച്ചുപോകേണ്ടി വരുന്നതുകൊണ്ട്, അപ്പോഴൊക്കെ എലിസബത്തിനെ ശ്രദ്ധിക്കണമെന്ന് പറയാനും വേണ്ടിക്കൂടിയാണ് ഞങ്ങളെ അത്താഴവിരുന്നിന് ക്ഷണിച്ചതെന്ന്, വിരുന്നിലെ സംഭാഷണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

നാട്ടിലുള്ളവര്‍ പുറത്തുനിന്ന് വിവാഹം കഴിയ്ക്കുന്നത് പുതുമയായ ഞങ്ങളുടെ ദേശത്ത്, കപ്പിത്താനും, മറ്റേതോ നാട്ടില്‍ നിന്ന് വിവാഹം കഴിച്ച് കൊണ്ടുവന്ന നവവധുവും, പതിവിനു വിപരീതമായി, നാട്ടുകാരുടെയും ആരാധനാപാത്രങ്ങളായി മാറാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

പിന്നീട്, മണല്‍ക്കരയിലൂടെ സൈക്കിള്‍ ഓടിക്കുമ്പോഴെല്ലാം കപ്പിത്താന്റെ വീടിന്റെ മുകള്‍ നിലയിലെ വലിയ ജനാലയിലൂടെ എലിസബത്ത് എന്നെ നോക്കുന്നുണ്ടോയെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു. വളരെ അപൂര്‍വം ദിവസങ്ങളിലേ എലിസബത്തിന്റെ തലവെട്ടം ജനാലയിലൂടെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. കപ്പിത്താന്‍ തിരിച്ചുപോയതുകൊണ്ട്, മിക്കവാറും വീടിനു പുറത്തിറങ്ങാതെയിരിക്കാനാണ് എലിസബത്ത് ഇഷ്ടപ്പെട്ടത് എന്നു തോന്നുന്നു.

പൂഴിമണലിലൂടെ സൈക്കിള്‍ പായിക്കുന്നതില്‍ എനിക്കുള്ള സാമര്‍ത്ഥ്യം കണ്ട് ബോദ്ധ്യപ്പെട്ടിട്ട്, മുതിര്‍ന്ന കുട്ടികള്‍ അവരുടെ കൂട്ടത്തില്‍ എന്നെയും കൂട്ടാന്‍ തയ്യാറായി മുന്നോട്ടു വന്നു. ആഗ്രഹിച്ചതുമാതിരി ആവേശമൊന്നും അവരുടെകൂടെയുള്ള കൂട്ടുകെട്ടിനില്ലെന്ന് മനസ്സിലാക്കാന്‍ അധികനാളുകള്‍ വേണ്ടിവന്നില്ല.

അമേരിക്കയില്‍ ഉപരിപഠനത്തിനു പോകാന്‍ തയ്യാറെടുത്തു നിന്നിരുന്ന അലക്സ് അച്ചന്റെ വക, കൃഷിയില്ലാതെ ഒഴിഞ്ഞുകിടന്ന പറമ്പില്‍ ഒത്തുകൂടിയിരുന്ന കുട്ടികളുടെ കൂട്ടം, അവിടം വിട്ട് മണല്‍ക്കരയില്‍ ഒത്തുകൂടാന്‍ തുടങ്ങിയതോടെ അവരുടെ കൂട്ട് ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചുതുടങ്ങി. തൊട്ടയല്പക്കംകാരനായ ഞാനില്ലാതെ അവര്‍ക്ക് മണല്‍ക്കരയില്‍ ഒത്തുകൂടാനാവില്ലെന്ന് അറിയാവുന്നതുകൊണ്ട്, പ്രത്യേക പരിഗണനകള്‍ നല്‍കി എന്റെ മനസ്സുമാറ്റാന്‍ അവര്‍ ശ്രമിച്ചിരുന്നത് എനിക്ക് അവഗണിക്കേണ്ടി വന്നു.


രണ്ടാം ഭാഗം

എന്റെ സൌഹൃദമില്ലാതെയും എലിസബത്തിനെ കാ‍ണാനും നോക്കാനും കഴിയുമെന്ന് തെളിയിക്കാന്‍, മുതിര്‍ന്ന കുട്ടികള്‍ അവരാലാവും വിധം ശ്രമിക്കുന്നുണ്ടായിരുന്നു.

എലിസബത്ത് വിരളമായെങ്കിലും പുറത്തിറങ്ങിയാല്‍ നോട്ടം കൊണ്ട് കൊത്തിപ്പറിയ്ക്കാനായി അവര്‍ മണല്‍ക്കരയിലും വഴിയരികിലും കൂട്ടം കൂടികാത്തുനിന്നിരുന്നു. എപ്പോഴെങ്കിലും, അവരേക്കാള്‍ ഉയരക്കാരിയായ എലിസബത്തിന്റെ അതീവസുന്ദരമായ രൂപം കാണാന്‍ കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കിയില്ല.

കപ്പിത്താന്റെ അഭാവത്തില്‍ എലിസബത്ത് സ്നേഹിതരെ തേടുന്നുണ്ടെന്ന്, മുതിര്‍ന്ന കുട്ടികളിലൊരുവന്‍ ഞാനും കൂടിയിരുന്ന ഒരു സാ‍യാഹ്നക്കൂട്ടത്തില്‍ വച്ച് ദൂഷണം പറയാന്‍ തുടങ്ങി. ജിജ്ഞാസയോടെ അതു കേട്ടിരുന്നതേയുള്ളൂ മറ്റു മുതിര്‍ന്ന കുട്ടികള്‍.

ഈ വെളിപാട് ഇവനെങ്ങനെ കിട്ടിയെന്നോര്‍ത്ത് ദേഷ്യം സഹിക്കാഞ്ഞിട്ട്, എണീറ്റുചെന്ന് അതു പറയുന്നവന്റെ അടിവയറ്റിലൊരു തൊഴി കൊടുക്കണമെന്ന് കരുതി അലറിക്കൊണ്ട് ഞാന്‍ മുന്നോട്ടു കുതിച്ചപ്പോഴേയ്ക്കും അവന്റെ വശത്തുനിന്നിരുന്ന മറ്റൊരു മുതിര്‍ന്ന കുട്ടി എന്റെയും അവന്റെയും ഇടയില്‍ ചാടിവീണു. ദൂഷണം പറയുന്നവനെ എന്തെങ്കിലും ചെയ്യാന്‍ എനിക്കു പറ്റുന്നതിനു മുന്‍പ്, മറ്റുകുട്ടികള്‍ ഒത്തുകൂടി എന്നെ മണല്‍ക്കരയിലെ പൂഴിയിലേയ്ക്ക് മറിച്ചിട്ടു.

വിജനമായ മണല്‍ക്കരയില്‍ ആരും ഓടിവന്ന് രക്ഷിക്കാനില്ലാത്തതുകൊണ്ട്, എലിസബത്തെങ്കിലും എന്റെ ദുര്‍ഭാഗ്യം കാണുന്നുണ്ടാ‍യിരിക്കണെമെന്ന് ഞാന്‍ ആഗ്രഹിച്ചു. മര്‍ദ്ദനം മതിയാക്കി കുട്ടികള്‍ എണീറ്റുപോയിട്ടും ശ്വാസം കിട്ടാതെ നിലത്തുകിടന്ന ഞാന്‍ തലയുയര്‍ത്തി നോക്കിയെങ്കിലും വലിയ ജനാലയിലൂടെ എലിസബത്ത് നോക്കുന്നുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയൊരു ദിവസമാണ്, രാത്രികാലങ്ങളിലെങ്ങാനും എലിസബത്തിന്റെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനോ മറ്റോ ആരെങ്കിലും അവരുടെ പുതിയ വീടിന്റെ ഉള്ളില്‍ കടന്നുകൂടിയാലോയെന്ന് എനിക്ക് ഒരു ആശങ്ക തോന്നുന്നത്.

എലിസബത്തിന്റെ വീടിന്റെ മുകള്‍ നിലയിലുള്ള വലിയ ജാലകത്തില്‍ നിന്ന് വെള്ളിനിറമുള്ള പ്രകാശത്തിന്റെയും നിശബ്ദതയുടെയും ധാര മുറിയാതെ പുറത്തെയ്ക്കൊഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, രാത്രികാലങ്ങളില്‍ പഠനം കഴിഞ്ഞ് ഉറങ്ങാനായി പോകുന്നതിനു മുന്‍പ് അല്പസമയം അവിടേയ്ക്ക് നോക്കിയിരിക്കുന്ന പതിവ് ഞാനാരംഭിച്ചു.

അത്തരമൊരു രാത്രിയിലാണ്, എലിസബത്തിന്റെ വീടിന്റെ താഴത്തേ നിലയിലുള്ള അതിഥിമുറിയില്‍ നിന്ന് സംഗീതോപകരണത്തിന്റെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് ഞാന്‍ ശ്രദ്ധിക്കുന്നത്. അത് എന്തുപകരണത്തിന്റെ ശബ്ദമാണെന്ന് തിരിച്ചറിയാന്‍ അന്നെനിക്ക് കഴിവില്ലായിരുന്നെങ്കിലും അത് എതോ പാശ്ചാത്യ സംഗീതോപകരണമാണതെന്നും അത് നന്നായി ഉപയോഗിക്കാനറിയാവുന്ന ആരോ ആണത് ഊതിക്കൊണ്ടിരിക്കുന്നതെന്നും എനിക്ക് തോന്നി.

പക്ഷേ, അതിലൊക്കെയുപരി ആരാണവിടെ അതിഥിയായി വന്നിരിക്കുന്നതെന്നറിയാനായിരുന്നു എനിക്ക് തിടുക്കം. എന്റെ മുറിയുടെ വലിയ ജനാലയിലൂടെ പുറത്തിറങ്ങിയ ഞാന്‍, ചുറ്റും കാലടികളുടെ ശബ്ദം കേള്‍ക്കാത്ത വിധം നടന്ന് എലിസബത്തിന്റെ വീടിന്റെ മുന്നിലെത്തി.

സംഗീതം വന്നിരുന്ന മുറിയുടെ മുന്നിലെത്തിയപ്പോഴാണ് എനിക്കാശ്വാസമായത് ! ആരും സംഗീതോപകരണം വായിക്കുന്നതല്ല, ദീര്‍ഘചതുരാകൃതിയിലുള്ള ഒരു കൊച്ചുപെട്ടിയില്‍ നിന്നാണ് സംഗീതം വരുന്നത്. കുറേക്കാലമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്ന, അലക്സച്ചന്റെ വക ഒരു ഗ്രാമഫോണ്‍ മാത്രമേ അതിനുമുന്‍പ് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നുള്ളൂ.

സംഗീതത്തിനനുസരിച്ച് എലിസബത്ത് അസാമാന്യപാടവത്തോടെ മന്ദഗതിയിലുള്ള പാശ്ചാത്യനൃത്തച്ചുവടുകള്‍ വയ്ക്കുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നു. കൂടുതല്‍ ശ്രദ്ധിച്ചപ്പോഴാണ്, നൃത്തം ചെയ്യുന്ന എലിസബത്തിന്റെ കൈയില്‍, കപ്പിത്താന്റെ ഒരു ഫ്രെയിം ചെയ്ത ഫോട്ടോയും ഉണ്ടെന്ന് ഞാന്‍ കാണുന്നത്. സന്തോഷം കൊണ്ട് നിലവിളിച്ചുപോകുമെന്ന് തോന്നിയ ആ നിമിഷം തന്നെ ശബ്ദമൊന്നുമുണ്ടാക്കാതെ ഞാന്‍ അവിടെ നിന്ന് ഓടിപ്പോന്നു.

പിന്നീട് എല്ലാ രാത്രികളിലും എലിസബത്തിന്റെ മുറിയില്‍ നിന്ന് ആ ദീര്‍ഘചതുരപ്പെട്ടി സംഗീതം പുറപ്പെടുവിച്ചിരുന്നു.

അതിവേഗത്തില്‍ കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന വേനലവധി. ഒരു രാത്രി ജോലികഴിഞ്ഞുതിരിച്ചുവന്ന പപ്പാ പറഞ്ഞാണ് ആ വാര്‍ത്ത ഞങ്ങളറിയുന്നത്; കപ്പിത്താന്റെ ചരക്കുകപ്പല്‍, ഗോവയിലൊരു കടപ്പുറത്തുനിന്ന് അഞ്ഞൂറ് കിലോമീറ്ററകലെയെവിടെയോ വച്ച് കാണാതായിയെന്ന്; കപ്പിത്താനെയും കപ്പലിലെ തൊഴിലാളികളെയും പറ്റി വിവരമൊന്നുമില്ലായെന്നും.

ആ രാത്രി തന്നെ എലിസബത്തിന്റെയടുത്ത് പോയി വിവരമറിയാനും ആശ്വസിപ്പിക്കാനും മമ്മി നിര്‍ബന്ധം പിടിച്ചതനുസരിച്ച് പപ്പായും മമ്മിയും കൂടി എലിസബത്തിന്റെ വീട്ടില്‍ പോകാനിറങ്ങി. പഠിയ്ക്കാനുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാനാവാത്ത, പതിവില്ലാത്തൊരുറക്കം എന്നെ ആ രാത്രി നേരത്തെയുറക്കിക്കളഞ്ഞു.

മദ്ധ്യവേനലവധി കഴിയാറായിട്ടും കപ്പിത്താനെപ്പറ്റി വിവരമൊന്നും കിട്ടാത്തതിനാല്‍ കപ്പലും ജോലിക്കാരും കപ്പിത്താനും കടലിലെവിടെയെങ്കിലും മുങ്ങിയിട്ടുണ്ടാവുമെന്ന് ഞങ്ങളുടെ ദേശക്കാര്‍ കണക്കാക്കിത്തുടങ്ങി. കടല്‍ക്കൊള്ളക്കാര്‍ കപ്പലിനെ ആക്രമിച്ചതാണെന്നും ചില വാര്‍ത്തകളില്‍ കണ്ടു.

സത്യമറിയുന്നതു വരെ കപ്പിത്താനെ കാത്തിരിക്കാന്‍ എലിസബത്ത് തയ്യാറാവുകയാണെന്ന് മമ്മി പറയുന്നതുകേട്ടു. പല പകലുകളിലും അവിടെ ചെന്നിരിക്കാനും എലിസബത്തിനൊപ്പം സമയം ചിലവിടാനും മമ്മി ശ്രമിച്ചിരുന്നെങ്കിലും, മാസങ്ങള്‍ക്കുള്ളില്‍ ആ പതിവ് നിന്നുപോവുകയാണുണ്ടായത്. പിന്നീട് വിരളമായേ ഞങ്ങളുടെ മുന്നില്‍ വച്ച് എലിസബത്തിനെപ്പറ്റി മമ്മിയും പപ്പായും സംസാരിക്കാറുണ്ടായിരുന്നുള്ളൂ.

മദ്ധ്യവയസ്കകളായ വീട്ടമ്മമാരുടെ ദ്വിമാസക്കൂട്ടായ്മായോഗത്തിലാണ് യാദൃശ്ചികമായി ഞാനാദ്യമായി ആ ദൂഷണം കേള്‍ക്കുന്നത്. എലിസബത്തിന് ആരോ പുതിയ സ്നേഹിതന്മാര്‍ ഉണ്ടത്രേ ! അലക്സച്ചന്റെ മസ്ക്യാമ്മയാണ് അതു പറഞ്ഞത്.

ആര്‍ക്കാണീ വെളിപാട് ആദ്യമുണ്ടായതെന്ന് കരുതി എനിക്ക് കോപം വന്നെങ്കിലും പ്രായത്തില്‍ മുന്‍പരായ സ്ത്രീകളെ ഉപദ്രവിക്കാന്‍ പാടില്ലാത്തതുകൊണ്ട്, മസ്ക്യാമ്മയുടെ തുകലുകൊണ്ട് നിര്‍മ്മിച്ച കൈസഞ്ചി ആരും കാണാതെ എടുത്തുമാറ്റി അടുക്കളയുടെ മൂലയ്ക്ക് കോണ്ടുപോയിട്ട് അതിലേയ്ക്ക്, കഴുകാന്‍ വച്ചിരുന്ന പാത്രങ്ങളില്‍ നിന്നുള്ള ഭക്ഷണാവശഷ്ടങ്ങള്‍ ഞാന്‍ തോണ്ടിയെടുത്തിട്ടു. മസ്ക്യാമ്മയറിയാതെ തന്നെ തുകല്‍ കൈസഞ്ചി തിരിച്ചുകൊണ്ടുവയ്ക്കുകയും ചെയ്തു. കൂട്ടായ്മായോഗത്തിനു ശേഷം സഞ്ചിയുമെടുത്ത് നടന്നുപോകുന്ന മസ്ക്യാമ്മയെ നോക്കി ചിരിയടക്കാന്‍ ഞാന്‍ നന്നായി ബുദ്ധിമുട്ടി.

മൂന്നാം ഭാഗം

ഉയരക്കാരിയായ എലിസബത്തെന്ന സുന്ദരി, തല താഴ്ത്തിപ്പിടിച്ചുകൊണ്ട്, കണ്ണുകള്‍ മണല്‍ക്കരയിലെ പൂഴിയില്‍ ഉറപ്പിച്ചുകൊണ്ട്, പുഴയ്ക്കരികിലൂടെ ഉലാത്തുന്നതാണ് ഒരു ദിവസം എന്റെ സൈക്കിള്‍ പായിക്കലിനിടെ ഞാന്‍ കണ്ടത്.

എലിസബത്തിനെ അടുത്ത് കാണാന്‍ സാധിച്ചതിലുള്ള സന്തോഷം അടക്കാന്‍ വയ്യാതെ, സൈക്കിള്‍ ചവിട്ടി ഞാന്‍ എലിസബത്തിന്റെ അടുത്തേയ്ക്ക് ചെന്നു. എലിസബത്തിനോട് എന്തെങ്കിലും സംസാരിക്കാന്‍ എനിയ്ക്ക് ധൈര്യമില്ലായിരുന്നെങ്കിലും അവരെ അങ്ങനെ വളരെ നേരം കണ്ടുകൊണ്ട് നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ കൊതിച്ചുപോയി എന്നതു സത്യം.

പക്ഷേ, പിന്നില്‍ നിന്ന് വിളിയ്ക്കുന്നതായി തോന്നിയിട്ട് ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍, തികഞ്ഞ അനിഷ്ടത്തോടെ എന്നെ വീട്ടിലേയ്ക്ക് വിളിക്കുന്ന മമ്മിയെയാണ് കാണുന്നത്. സൈക്കിള്‍ മണല്‍ക്കരയിലെ പൂഴിയിലുരുട്ടിക്കൊണ്ട് മമ്മിയുടെ അടുത്ത് ചെന്നപ്പോള്‍, ‘പോയിരുന്ന് പഠിയ്ക്കെടാ’ എന്ന് കോപത്തോടെ എന്നോട് മമ്മി പറഞ്ഞു.

പഠിത്തത്തില്‍ ഒരുകാലത്തും പിന്നിലല്ലാതിരുന്ന എന്നോട് മമ്മിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പെരുമാറ്റം അവിശ്വസനീയമായിരുന്നു. പെട്ടെന്നാണ്, മണലിലുലാത്തുന്ന എലിസബത്തിനെപ്പറ്റി ഞാന്‍ ഓര്‍ക്കുന്നത്. പിന്തിരിഞ്ഞുനോക്കിയപ്പോള്‍, പക്ഷേ എലിസബത്ത് മണല്‍ക്കരയില്‍ ഉണ്ടായിരുന്നില്ല.

രണ്ടുമൂന്നു ദിവസങ്ങള്‍ക്ക് ശേഷം, എലിസബത്തിനെ പുഴയുടെയും പുഴക്കരയുടെയും ഭാഗത്ത് നിന്ന് അല്പമകലെയുള്ള, മലയടിവാരത്തിലെ ചന്തയില്‍ വച്ച് കണ്ടുമുട്ടി. ചന്തയിലുണ്ടായിരുന്ന പലരും ആദരവു കുറഞ്ഞ രീതിയിലാണ് എലിസബത്തിനെ നോക്കിയിരുന്നത് എന്നു തോന്നി. വ്യക്തിപരമായ എന്തെങ്കിലും വിശേഷവസ്തു വാങ്ങാന്‍ ആയിരിക്കും എലിസബത്ത് മലയടിവാരത്തിലെത്തിയത് എന്ന് എനിക്ക് മനസ്സിലായി.

പക്ഷേ, അന്ന് രാത്രി അത്താഴമേശയില്‍ വച്ച്, എലിസബത്തിനെ ഇനിമേലാല്‍ കാണുകയോ അടുത്തുപോകുകയോ ചെയ്യരുതെന്ന് കര്‍ശനമായ വിലക്ക് പപ്പാ എനിക്ക് തന്നതോടെ കാര്യങ്ങള്‍ അത്ര പന്തിയായിട്ടല്ല പോകുന്നത് എന്ന് എനിക്കു തോന്നിത്തുടങ്ങി. എലിസബത്തിനെപ്പറ്റിയുള്ള ദുഷ്പ്രചാരണങ്ങള്‍, മമ്മിയെപ്പോലെ പപ്പായും വിശ്വസിക്കാന്‍ തുടങ്ങിയോയെന്ന് എനിക്ക് സംശയം തോന്നിത്തുടങ്ങി.

വീടിനു പുറത്തിറങ്ങാന്‍ മടികാട്ടുന്ന ഒരു പാവം യുവതിയെപ്പറ്റി ദൂഷണം പറയുന്നവരില്‍ നിന്ന് അവളെ ആരു രക്ഷിക്കും എന്നോര്‍ത്ത് ഞാന്‍ ദുഖിതനായി നടന്നു. ഇതൊക്കെ തുടങ്ങിവച്ച മസ്ക്യാമ്മയെ കണ്ടുപോയാല്‍, അറിയാതെ എന്തെങ്കിലും ഞാന്‍ ചെയ്തുപോകുമോയെന്ന് ഭയന്ന്, അവരെ പരമാവധി കാണാതിരിക്കാന്‍‍ ഞാന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു.

രാത്രികാലങ്ങളില്‍ ഉറങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ കാണുന്ന പതിവും അക്കാലത്ത് ഞാന്‍ തുടങ്ങിവച്ചു. കൂടുതലും സ്വപ്നങ്ങളില്‍ എലിസബത്ത് ഏതെങ്കിലും രീതിയില്‍ കടന്നുവരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്രയും വേഗം വളര്‍ന്ന് വലുതാകുകയും‍, പപ്പായെയും മമ്മിയെയും വിട്ട്, എലിസബത്തിനെയും കൂട്ടി അകലെയെവിടേയ്ക്കെങ്കിലും പോകുന്നതായും വരെ, ചില സ്വപ്നങ്ങള്‍ ഞാന്‍ കണ്ടു.

രാത്രി കാലങ്ങളില്‍ കാണുന്ന സ്വപ്നങ്ങള്‍ ഇടയ്ക്ക് വച്ച് മുറിഞ്ഞുപോയിരുന്നതുകൊണ്ട്, പകുതിസ്വപ്നങ്ങളെ പൂര്‍ത്തിയായിക്കാണാനായി, മണല്‍ക്കരയിലെ പൂഴിയില്‍ സൈക്കിളെടുക്കാതെ പോയിരുന്ന് പുഴയെ നോക്കിയിരുന്നു ഞാന്‍.

പുഴയിലേയ്ക്ക് നോക്കി മണല്‍ക്കരയിലിരിക്കുമ്പോള്‍ പകല്‍സ്വപ്നങ്ങള്‍ക്ക് ഒഴുക്കിന്റെ വേഗമാണ്. അപ്രകാരം മണല്‍ക്കരയിലിരുക്കുമ്പോള്‍ ഉറങ്ങിപ്പോകാനും സാധ്യത വളരെക്കൂടുതലാണ്. മതിഭ്രമമാണെന്ന് മമ്മി തെറ്റിദ്ധരിച്ച തലകറക്കം എനിക്ക് ഉള്ളതുകൊണ്ട് മണല്‍ക്കരയില്‍ പോയി, പുഴയുടെ അടുത്തായി ഒറ്റയ്ക്കിരിക്കുന്നത് വിലക്കുള്ള കാര്യമാണ്. എന്നാലും, മമ്മിയുടെ കണ്ണുവെട്ടിച്ചാനെങ്കിലും പുഴക്കരയില്‍ പോയിരിക്കാനും പകല്‍ സ്വപ്നങ്ങള്‍ കാണാനും ഞാന്‍ സമയം കണ്ടെത്തിയിരുന്നു.

വേനലവധി കഴിഞ്ഞ് സ്കൂളില്‍ തിരിച്ചു പോകേണ്ട ദിവസം അടുത്തതിന്റെ സങ്കടത്തില്‍ കഴിയുന്ന ദിവസങ്ങളിലൊന്നിലാണ്, ‘കാണാതെപോയെന്നു കരുതിയ കപ്പിത്താന്‍ തിരിച്ചുവന്നിരിക്കുന്നു’ എന്ന് ആരോ ഉറക്കെപ്പറയുന്നതുകേട്ട് ഒരു ദിവസം ഞാന്‍ ഉച്ചയുറക്കമുണരുന്നത്.

ആവേശമടക്കാനാതെ, വസ്ത്രം പോലും മാറാന്‍ നില്‍ക്കാതെ, കപ്പിത്താനുണ്ടെന്ന് കേട്ടിടത്തേയ്ക്ക് ഞാന്‍ കുതിച്ചു. അടിവാരത്തിലെത്തിയപ്പോഴേയ്ക്കും കാണാം, ചന്തയില്‍, ആരാധനയോടെ നോക്കുന്ന ആളുകളുടെ നടുവില്‍ കൂടിനിന്ന് കപ്പല്‍ മുങ്ങിയ വിശേഷങ്ങള്‍ പറയുന്ന കപ്പിത്താനെ.

കപ്പല്‍ എങ്ങനെ മുങ്ങിയെന്നോ, മുങ്ങിയ കപ്പലില്‍ നിന്ന് എങ്ങനെ രക്ഷപെട്ടെന്നോ ഒന്നും കപ്പിത്താന്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. മസ്ക്യാമമയുടെയോ എന്റെ പഴയ സുഹൃത്തുക്കളായ മുതിര്‍ന്ന കുട്ടികളുടെയോ വായില്‍ നിന്ന് എലിസബത്തിനെപ്പറ്റി എന്തെങ്കിലും ദൂഷണം കപ്പിത്താന്‍ കേള്‍ക്കാന്‍ ഇടവരാതിരിക്കണം എന്നായിരുന്നു എന്റെ ഒരേയൊരാഗ്രഹം.

പക്ഷേ, പത്തോ പതിമൂന്നോ വയസ്സുള്ള കുട്ടികളുടെ ആഗ്രഹങ്ങള്‍ എന്തുമാത്രം പ്രായോഗികമാണ്; അതും മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന വിഷയങ്ങളില്‍.

കപ്പിത്താന്‍, മണല്‍ക്കരയിലുള്ള അവരുടെ പുതിയ വീട്ടില്‍, എലിസബത്തിനെ ഞെട്ടിച്ചുകൊണ്ട് കടന്നുവരികയും, എലിസബത്തും കപ്പിത്താനും ആഹ്ലാദകരമായ പുനസമാഗമം ആഘോഷിച്ചു കഴിയുകയും ചെയ്തു. പക്ഷേ, മസ്ക്യാമ്മയോ മുതിര്‍ന്ന കുട്ടികളോ അവര്‍ പറഞ്ഞറിഞ്ഞ മറ്റുള്ളവരോ കപ്പിത്താന്റെ ചെവിയിലും എലിസബത്തിനെപ്പറ്റി ദൂഷണം പറഞ്ഞെത്തിച്ചു.

ഭാര്യയെ വിശ്വസിക്കാന്‍ തെളിവില്ലാതിരുന്ന കപ്പിത്താന്‍ എലിസബത്തിനെ അവരുടെ വീട്ടില്‍ കൊണ്ടുചെന്നാക്കിയിട്ട്, സാധാരണക്കാരായ ഞങ്ങളുടെ നാട്ടുകാര്‍ക്ക് താങ്ങാനാവാത്തത്ര പണം ചിലവു ചെയ്ത് പണികഴിപ്പിച്ച ആ പുത്തന്‍ മാളികയില്‍ ഒറ്റയ്ക്ക് താമസം തുടര്‍ന്നു.

പിന്നീട് വന്ന രാത്രികളില്‍ മുകല്‍ത്തട്ടിലെ അവരുടെ വലിയ ജനാലയില്‍ നിന്ന് പ്രകാശം ഒഴുകിവന്നില്ലെന്ന് മാത്രമല്ല, താ‍ഴത്തെ നിലയിലെ കപ്പിത്താന്റെ മുറിയില്‍ നിന്ന്, രാത്രി വൈകുന്ന നേരത്തുപോലും കുപ്പികളും ഗ്ലാസുകളും കൂട്ടിമുട്ടുകയും ചിലതൊക്കെ ഉടയുകയും ചെയ്യുന്ന സ്വരം കേട്ടിരുന്നു. കപ്പിത്താന് വന്ന ദുര്‍ഗ്ഗതിയെപ്പറ്റി പപ്പായും മമ്മിയും ഞങ്ങളുടെ അത്താഴമേശയില്‍ വച്ച് പരിതപിക്കുന്നതും എലിസബത്തിനെ പഴിപറയുന്നതും പതിവായി.

പിന്നെയൊരു പതിമൂന്നുകാരന് ആകെ ചെയ്യാവുന്നതൊന്ന് ഞാന്‍ ചെയ്തു. എലിസബത്തിന്റെ നന്മയെപ്പറ്റി, കാമാവേശിതരും അസൂയാലുക്കളുമായ ഞങ്ങളുടെ ദേശക്കാര്‍ എലിസബത്തിനെക്കുറിച്ച് പറഞ്ഞുണ്ടക്കുന്ന ദൂഷണങ്ങളുടെ പൊള്ളത്തരത്തെപ്പറ്റി, മമ്മിയുടെ കൈപ്പടയില്‍, ഇന്നും എനിക്കഭിമാനം തോന്നുന്ന, ഒരു കത്തെഴുതി. അതില്‍ മമ്മിയുടെ പേരെഴുതി കള്ളയൊപ്പിട്ട്, ഞാന്‍ തന്നെ കപ്പിത്താനു കൊണ്ടെത്തിച്ചു. കപ്പിത്താനോട് നേരിട്ട് പറയാനുള്ള ജാള്യത്തില്‍, ഈ കത്ത് മമ്മി എന്റെ കൈവശം തന്നുവിട്ടതാണെന്നുള്ള നാട്യത്തില്‍.

മദ്യപിച്ചിരിക്കുകയായിരുന്ന കപ്പിത്താന്‍ എന്റെ കൈയില്‍ നിന്ന് കത്തുവാങ്ങി വായിച്ച ശേഷം, ഒരു ചരക്കുകപ്പലിന്റെ മുന്‍-കപ്പിത്താനു ചേരാത്ത വിധം തേങ്ങിക്കരഞ്ഞു. കപ്പിത്താന്റെ കണ്ണില്‍ നിന്ന് വന്ന കണ്ണീര്‍ ഞാനെഴുതിയ കത്തില്‍ വീഴുന്നതും ഞാന്‍ ഓര്‍ക്കുന്നു.

എന്റെ ജോലി പൂര്‍ത്തിയാക്കിയെന്ന് ബോധ്യമായപ്പോള്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ കപ്പിത്താന്റെ വീട്ടില്‍ നിന്ന് മടങ്ങി. ആ നിമിഷം മസ്ക്യാമ്മയെയോ എന്റെ കൂട്ടുകാരെയോ കണ്ടിരുന്നെങ്കില്‍ അവരുടെ മുഖത്ത് തുപ്പാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അങ്ങനെയൊന്നും ചെയ്യാതിരുത് നന്നായി എന്നാണ് തോന്നുന്നതെങ്കിലും.

പിറ്റേ ദിവസം ഉച്ചയോടുകൂടി, എലിസബത്തിനെയും കൂട്ടിക്കൊണ്ട് അവരുടെ മാളികയിലേയ്ക്ക് മടങ്ങിവരുന്ന, സന്തുഷ്ടനായ കപ്പിത്താനെയാണ് ഞാനും നാട്ടുകാരും കാണുന്നത്. എലിസബത്തും കപ്പിത്താനും ടാക്സിയില്‍, ചന്തയിലിറങ്ങി എന്തെങ്കിലും വാങ്ങാന്‍ നിന്ന വഴിയ്ക്ക്, ദുഷ്ടയായ മസ്ക്യാമ്മയും എന്റെ പഴയ കൂട്ടുകാരും അവരെ കണ്ടുകാണുമെന്നും അസൂയ സഹിക്കാതെ തലകറങ്ങിവീണിട്ടുണ്ടാവുമെന്നും എനിക്കറിയാം.

അന്ന് രാത്രി, കപ്പിത്താന്‍ നിര്‍ബന്ധിച്ചുവിളിച്ചതിന്റെ ഫലമായി, അവരുടെ വീട്ടില്‍ അത്താഴവിരുന്നിന് പപ്പായും മമ്മിയും ഞാനും പോയിരുന്നു.

കഴിഞ്ഞ അത്താഴവിരുന്നില്‍ ധരിച്ചിരുന്ന പാശ്ച്ത്യ വസ്ത്രത്തിനുപകരം, ചന്ദനനിറമുള്ള സാരിചുറ്റിയാണ് എലിസബത്ത് ഈ അത്താഴവിരുന്നില്‍ ആതിഥേയയായത്.

പക്ഷേ, കഴിഞ്ഞ തവണത്തെപ്പോലെതന്നെ, എലിസബത്ത് വിരുന്നിനിടയില്‍ മിക്കവാറും കണ്ണുകള്‍ ഉയര്‍ത്താതെ സംസാരിക്കുകയും, ഒരു കപ്പിത്താന്റെ ഭാര്യയ്ക്ക് നന്നായി യോജിച്ച പ്രൌഡഗംഭീരമായ ഒരു പുഞ്ചിരി എപ്പോഴും ചുണ്ടുകളില്‍ വിരിയിക്കുകയും ചെയ്തു.

വിരുന്നിലുടനീളം, പഴയതിലും കൂടുതല്‍ ആരാധനയോടെ മമ്മി എലിസബത്തിനെ നോക്കുകയും ചെയ്തിരുന്നു. വിരുന്നുമേശയില്‍ ആചാരത്തോടെ പെരുമാറാത്തതിന്, വീട്ടില്‍ ചെല്ലുമ്പോള്‍ മമ്മിയ്ക്ക് പപ്പായുടെ വക വഴക്ക് കിട്ടുമെന്ന് എനിക്ക് ഉറപ്പുമായിരുന്നു.

(അവസാനിച്ചു)

Monday, November 06, 2006

 

പേപ്പര്‍

ഒറ്റമുണ്ടിന്റെ തുമ്പ് മടക്കി കക്ഷത്തോളമുയര്‍ത്തിപ്പിടിച്ചിട്ടുള്ളത് ഇതുവരെ താഴെക്കളഞ്ഞിട്ടില്ല. ഇടത്തേ കാല്‍മുട്ടിനു മേലെ വരെ നഗ്നമാണിപ്പോള്‍. മണലില്‍ നീട്ടിയൊന്ന് തുപ്പിയിട്ട് ഇടവഴിയിലേയ്ക്ക് കാലെടുത്തുവച്ചു. പതിയെ പതിയെ തലചുറ്റല്‍ പോലെ തോന്നിത്തുടങ്ങുന്നു.

വഴിയില്‍ നിന്ന് അകന്ന് ഒഴുകിപ്പോകുന്ന നദിയിലേക്ക് ഒരു തവണകൂടി തിരിഞ്ഞ് സൂക്ഷിച്ചുനോക്കി. പെട്ടെന്ന് നെഞ്ചിടിപ്പ് കൂടി. മുഖമുയര്‍ത്തി. നേരേ കാണാവുന്ന പമ്പ് ഹൌസിന്റെ, ഭിത്തിയുടെ പകുതിയോളമേ വെള്ളമുള്ളൂ.

വലത്തേയ്ക്ക് വളയുന്ന ഇടവഴിയും, പാലമുള്ള മെയിന്‍ റോഡും തമ്മില്‍ ചേരുന്നിടത്തൊരു മാടക്കട കാണാം. അവിടെ പേപ്പര്‍ കാണാതിരിക്കില്ല.

കാലിനൊരു വിറയല്‍ പോലെയുണ്ടോ... പിറകില്‍ നിന്നാരൊക്കെയോ സൂക്ഷിച്ചുനോക്കുന്നുണ്ടോ... വേണ്ടിടത്തും വേണ്ടാത്തിടത്തും ഈ വിറയലും ഓര്‍ക്കാതെയിരിക്കുമ്പോഴുള്ള ഞടുക്കവും.

ചാരിയിരുന്നു മയങ്ങിപ്പോയതിന്, ഒറ്റക്കൈയില്‍ വലിച്ചുതൂക്കിയെടുത്തല്ലേ ശിക്ഷിക്കാന്‍ കൊണ്ടുപോയിരുന്നത്. ലുത്തിനിയയ്ക്കിടയില്‍ നിന്ന്, അമ്മച്ചിയുടെ സ്വരം കരച്ചിലായി മാറുന്നത് കേള്‍ക്കാം. വൃഷണമുടയുന്നത്ര വേദനയില്‍ പിടയുമ്പോഴും, സ്വരം താഴ്ത്തി അപ്പന്‍ ചോദിക്കും ”ഇനി കുരിശുവരയ്ക്കുമ്പളൊറങ്ങല്ല് കേട്ടോ”. അവധിയ്ക്ക് വിരുന്നു വന്ന പിള്ളേരുണ്ടെങ്കിലാണ് സ്വരം താഴ്ത്തുന്നത്. കണ്ണീര് വരാതെ ചുണ്ട് കടിച്ചുപിടിച്ച്, തിരിച്ച് പ്രാര്‍ത്ഥനാമുറിയിലെത്തുമ്പോഴേയ്ക്കും കുഞ്ഞനിയത്തിയ്ക്ക് ചിരിപൊട്ടിയിരിയ്ക്കും.



“എന്നതാ വേണ്ടേ“ ?

ഓ, മാടക്കടക്കാരനാ‍ണ്. നാലുമൂലയും തടിക്കാലുകളിലൂന്നിയ കടയില്‍ വെറ്റിലകള്‍ കഴുകിവെളുപ്പിക്കുകയാണ് കടക്കാരന്‍ അപ്പാപ്പന്‍. കഴുത്തില്ലാത്ത ഉടുപ്പിന്റെ മുകളിലൂടെ വെന്തിങ്ങയിട്ടിരിക്കുന്നു.

പേപ്പര്‍ ചോദിച്ചു.

അപ്പാപ്പന്‍ മുഖത്തേയ്ക്കൊന്നു സൂക്ഷിച്ചു നോക്കി. മണം കിട്ടിക്കാണണം.

പേപ്പര്‍ കിട്ടി. ചില്ലറ കൊടുത്തു.

പേന കൈയിലുണ്ട്. അടുത്തൊരു മൈല്‍ക്കുറ്റിയിലിരുന്ന്, കൈയില്‍ ആകെയുണ്ടായിരുന്ന ബുക്കിന്റെ മുകളില്‍ പേപ്പര്‍ വച്ച് മെല്ലെ എഴുത്തു തുടങ്ങി. അക്ഷരങ്ങള്‍ ഉറയ്ക്കുന്നില്ല.

“മോനിങ്ങ് വന്നേ”

അപ്പാപ്പനെന്തിനാണോ വിളിയ്ക്കുന്നത്. പിടികിട്ടിക്കാണുമോ. എന്തുചോദിച്ചാലും മുഖം വിളറരുത്. മാടക്കടക്കാരനല്ലേ.. തിണ്ണമിടുക്ക് കാണിക്കാതിരിക്കില്ല. എന്തായാലും നാട്ടുകാരെയല്ലാം വിളിച്ചുകൂട്ടാന്‍ സമ്മതിക്കരുത്.

പറ്റുന്നത്ര ഗൌരവത്തില്‍ അടുത്തേയ്ക്ക് ചെന്നു.

അപ്പാപ്പന്റെ നോട്ടം തറപ്പിച്ചാണ്. എന്തുവന്നാലും മുഖം വിളറാന്‍ പാടില്ല. ചുണ്ടു വിതുമ്പുന്നതിന് മുന്‍പ് സ്വരമുയര്‍ത്തി ചോദിച്ചു.

“എന്താ”

അപ്പാപ്പന്റെ നോട്ടം പതറി. കവിളുകള്‍ ഇളിഞ്ഞു. പെട്ടെന്ന് ഇടത്തേയ്ക്ക് തലവെട്ടിച്ച്, ദൂരെക്കാണാവുന്ന പമ്പ് ഹൌസിന് നേരെ അപ്പാപ്പന്‍ നോക്കി. തല വെട്ടിച്ച്, തിരിച്ച് എന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോള്‍ കാണാം, അപ്പാപ്പന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പാറായി.

“ഹ്...പ്...ദെന്നാത്തിനാ കൊച്ചിന്... ഹ്... യെന്നതാ കൊച്ചീ കടലാസേലെഴുതുന്നെ ? “
സ്വരം പതറിയിട്ടും, കരയാതിരിയ്ക്കാന്‍ അപ്പാപ്പന്‍ വീണ്ടും പമ്പ് ഹൌസിന് നേരെ നോട്ടം തിരിച്ചു.

ചുണ്ട്കടിച്ചുപിടിച്ച് ഞാനും മുഖം താഴ്ത്തി. നിശബ്ദമായി കടന്നുപോകുന്ന കുറേയേറെ നിമിഷങ്ങള്‍.

വലിയ്ക്കാവുന്നതിലധികം തടി കയറ്റിയൊരു ലോറി ഞരങ്ങിമൂളിക്കൊണ്ട് കടന്നുപോയി.

“കൊച്ചാ പേപ്പറിങ്ങ് തന്നേരെ”. കൊടുത്ത ചില്ലറ അപ്പാപ്പന്‍ തിരികെനീട്ടി. “ഇതു വണ്ടിക്കൂലിയ്ക്ക് വേണ്ടേ”

അറിയാതെ കൈനീട്ടി ചില്ലറ വാങ്ങി. തല പതിയെയുയര്‍ത്തി, പാലത്തിന്റെ വിപരീത ദിശയിലേയ്ക്ക് നടന്നു.

Tuesday, October 17, 2006

 

യാ‍നം, യാനപാത്രം

പന്നികള്‍ ചളിയിലാണ്ടിരിക്കുന്നു.

വളരെ പതിയെയാണ് തീവണ്ടി ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.

പന്നികളില്‍ നിന്നകലെയല്ലാതെ, പന്നികളേക്കാള്‍ നിര്‍ഭാഗ്യവാന്മാരായ മനുഷ്യരും. പലയാവശ്യക്കാര്‍.

“സൂക്ഷിച്ച് നില്‍ക്കണം കേട്ടോ, കാലൊന്ന് തെറ്റിയാല്‍ പിന്നെ...” ബാക്കി അവള്‍ മുഴുമിപ്പിച്ചത് ഉറക്കെയുള്ളൊരു ചിരിയാലാണ്. എന്നിട്ട്, ഇത്രയും കൂട്ടിച്ചേര്‍ത്തു : “ട്രയിനങ്ങ് പോകും...”

‘അതേ, സൂക്ഷിക്കണം. ഞാന്‍ സൂക്ഷിക്കുന്നുണ്ട്‘. മനസ്സില്‍ പറഞ്ഞു.

അവള്‍ പോയൊരല്പം കഴിഞ്ഞ് സീറ്റില്‍ വന്നിരുന്നു. അവിടെ നിന്നായാലും, കാഴ്ച ഒന്നുതന്നെ.

എന്നാലും സമാധാനമുണ്ട്. ഹിജഡകളെല്ലാം പോയിക്കഴിഞ്ഞു. വിറയ്ക്കുന്ന കൈപ്പത്തിയില്‍ കരുതിയിരുന്ന അഞ്ചിന്റെയൊരു നോട്ട്, അഞ്ഞൂറ് പൈസയേക്കാള്‍ പ്രയോജനപ്പെട്ടു.

ബ്രൌണ്‍ സ്ട്രൈപ്സുള്ള ബാഗ് മൂന്നാം ദിവസവും സുരക്ഷിതം. ദൈവത്തിന് നന്ദി.

യാത്രക്കാര്‍ മിക്കവരും ഒരുങ്ങുന്നതിന്റെ തിരക്കിലാണ്. ഇറങ്ങുന്നതിനു മുന്‍പുള്ള ഒരുക്കം. കാത്തുനില്‍ക്കാനാളുണ്ടാവും. പുതിയ സൌഹൃദങ്ങള്‍ ചെറുനൊമ്പരമുണര്‍ത്തുന്ന വേര്‍പാടുകളായി മാത്രം മാറുന്നു.

പന്നികളെയും നിര്‍ഭാഗ്യരായ മനുഷ്യരെയും പിന്നിലാക്കിക്കൊണ്ട് മറ്റൊരു തീവണ്ടി എതിര്‍ വശത്തേയ്ക്ക് കുതിക്കുന്നത് കാണായി.

പുതിയ വേഗതയില്‍ മതിമറന്ന് ആദ്യത്തെ തീവണ്ടി വീണ്ടും മുന്നോട്ട് കുതിച്ചു.

ഇനി അധിക നേരമില്ല യാത്രയവസാനിക്കാ‍ന്‍

പതിയെ കണ്ണുകളടച്ചു വച്ചു. ഇപ്പോള്‍ തീവണ്ടിയുടെ നേരിയ കുലുക്കം മാത്രം...

Sunday, September 10, 2006

 

മീന്‍പിടുത്തക്കാരന്റെ മകന്‍

ഒന്നാം ദിവസം : ഒരു ശനിയാഴ്ച

മഴ ചാറ്റല്‍ നിന്നിട്ടില്ല. വളവ് തിരിഞ്ഞ് ഇറക്കം ഇറങ്ങി വന്നപ്പോഴേ കാണാം, റോഡിന് ഇടത്തുള്ള പാടത്തും വലത്തുള്ള തോട്ടത്തിലും വെള്ളം കയറിക്കിടക്കുന്നത്. റോഡിലും വെള്ളം കയറിത്തുടങ്ങി. ചെറുതായി വെള്ളം തൊഴിച്ച് തെറിപ്പിച്ച്, മുന്നോട്ട് നടന്നു. കൈയില്‍ കുടയില്ലാതെ ചെറുമഴ നനഞ്ഞ് നടക്കാന്‍, പത്തുപതിനാലു വയസ്സായിട്ടും കൊതിയാണ്.

വലതുവശം, ‘ഇരുമ്പന‘ത്തെ റബ്ബര്‍ത്തോട്ടം. കഴുത്തില്‍ കയറ് കെട്ടിയോ വിഷം കഴിച്ചോ ജീവനൊടുക്കാനാഗ്രഹിക്കുന്നവരുടെ‍ പറുദീസ. പറുദീസയ്ക്ക് നടുവില്‍, നൂറുകണക്കിനടി ആഴത്തില്‍ എവിടെയോ സ്വര്‍ണ്ണച്ചേന കുഴിച്ചിട്ടിരിയ്ക്കുന്നു എന്ന് ചിലരെങ്കിലും ഇപ്പോഴും വിശ്വസിയ്ക്കുന്ന, പഴയ ഇരുമ്പനം തറവാടിന്റെ അസ്ഥികൂടം.

പേടി തോന്നിത്തുടങ്ങുന്നതിന് മുന്‍പ്, പാടവും തോട്ടവും കഴിഞ്ഞുകിട്ടാന്‍ നടപ്പിനു വേഗം കൂട്ടി. പുതുമഴയില്‍ കലങ്ങിമറിഞ്ഞ് കുതിച്ചൊഴുകുന്ന ആറ്റില്‍ നിന്ന് പിടിയ്ക്കുന്ന ഫ്രെഷ് മീന്‍ വാങ്ങി വരാന്‍ പറഞ്ഞ്, അമ്മയാണ് ആറ്റിങ്കരയിലേയ്ക്ക് വിട്ടത്.

ഉള്ളില്‍ പേടിയുണ്ടെങ്കിലും ആളൊഴിഞ്ഞ ഈ വഴി നടക്കാന്‍ ഒരു രസമാണ്. വല്യവധി തീരുന്നതു വരെ, കൂട്ടുകൂടി ആറ്റില്‍ കുളിയ്ക്കാനായി ഇതുവഴി വരുമായിരുന്നു. ആറിന് മറുകര നീന്തിയെത്താന്‍ നോക്കിയ വഴി, രണ്ട് കുട്ടികള്‍ മുങ്ങിച്ചാകാന്‍ തുടങ്ങിയ വിവരം നാടാകെ പാട്ടായതോടെ, ആറ്റില്‍ കുളിയ്ക്കാന്‍ പോക്ക് നിര്‍ത്തി വച്ചതാണ്. ഉലഹന്നാന്‍ എന്നൊരാള് മാത്രം കാരണമാണ് ആ കുട്ടികള്‍ രക്ഷപെട്ടത്.

ഇരുനിറത്തില്‍ കുറുകിയിരിയാണിരിയ്ക്കുന്നതെങ്കിലും, ഉടുമ്പിന്റെ ഊരുള്ള മീന്‍പിടുത്തക്കാരന്‍ ഉലഹന്നന്‍ ആണ്, അന്ന്, മൂന്നാള്‍ വെള്ളത്തിനടിയില്‍ ചെളിയില്‍ പൂണ്ട് മുങ്ങിമരിക്കാന്‍ തുടങ്ങിയ രണ്ടുപേരെയും മുങ്ങിയെടുത്ത് രക്ഷപ്പെടുത്തിയത്. സര്‍ക്കാര്‍ കണക്ക് പ്രകാരം, മുക്കുവന്‍ ആണ് ഉലഹന്നാന്‍. വള്ളവും വലയുമൊക്കെ സര്‍ക്കാര്‍ കൊടുക്കുമത്രേ !

*

“തനിയ്ക്ക് വല്ലോം കിട്ടിയോടോ... ഏത് മുക്കിലാ മൊയപ്പൊള്ളത്ന്ന് അറിയാവോടോ... ?”

ചെറിയാന്‍ സാറിന്റെ കണ്ണുകളില്‍ തിളക്കവും ആര്‍ത്തിയും തെളിയുന്നു. ഇത് ചോദിയ്ക്കാന്‍ വേണ്ടി മാത്രം നടപ്പിന്റെ വേഗം ഒരല്പം കുറച്ചതാണ് സാറ്‍.

തോളിലും ഇടത്തേകൈയിലുമായി പടര്‍ന്ന് കിടക്കുന്ന വീശുവല. വീശുവലയ്ക്ക് കനം കിട്ടാന്‍ അറ്റത്ത് തൂക്കിയിട്ടിരിയ്ക്കുന്ന ഉണ്ടമണികള്‍, പരസ്പരം കൂട്ടിയിടിയ്ക്കുന്നു.

കൈലിയും ബനിയനുമിട്ട് വലയും തൂക്കി നടന്നുപോകുന്നത് കണ്ടാല്‍ സാറ് പള്ളിക്കൂടം വാദ്ധ്യാരാണെന്ന് അല്ല, മുക്കുവനാണെന്നാണ് തോന്നുക !

“ഇല്ല, സാറേ, എനിക്ക് വലയില്ല, ഞാന്‍ വീശ് കാണാന്‍ വന്നതേയുള്ളൂ”

‘ഓ, ശരിയാണല്ലോ‘ന്ന് ഓര്‍ത്ത് ചെറിയാന്‍ സാര്‍ ആറ്റുതിരത്തേയ്ക്ക് ധൃതിയില്‍ നടപ്പു തുടര്‍ന്നു. നടത്തത്തിന്റെ വേഗം കൂടുന്നതിനനുസരിച്ച് ഉണ്ടമണികളുടെ കൂട്ടിയിടിയുടെ വേഗവും ശബ്ദവും കൂടുന്നു.

സാറിന്റെ പിന്നാലെ വേഗം നടന്നു. റോഡ്, പാലമായി മാറുന്നതിന് മുന്‍പ്, പാടവും തോട്ടവും തീരുന്നിടത്ത്, ആറിന്റെ തീരം.

ആറ്റുതീരത്ത് വന്‍ ജനക്കൂട്ടം; മറുകരയിലും. വീശാന്‍ വന്നവരില്‍ നല്ലൊരു പങ്കും ദൂരത്ത് നിന്ന് വന്നവരാണ്. അവരേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍, വീശ് കാണാന്‍ വന്ന നാട്ടുകാര്‍. കണ്ണെത്താവുന്ന ദൂരത്തോളം ജനം നിരന്ന് നിന്ന്, വീശുന്നവരെ പ്രോത്സാഹിപ്പിയ്ക്കുന്നു.

കലങ്ങി മറിഞ്ഞൊഴുകുന്ന പുതുവെള്ളപ്പാച്ചിലില്‍ കുതിച്ച്, വെള്ളത്തിനും മീതേ പൊങ്ങിമറിയുന്ന മീനുകള്‍. മിക്കവയ്ക്കും ഒരേ നിറമാണ്; ഒരു വശത്ത് വെള്ളി നിറം, മറു വശത്ത് ഇരുണ്ട ചാരനിറം. ഒരുകൈയിലൊതുങ്ങാത്തത്ര വലിപ്പമുള്ള മീനുകളും ധാരാളം കുത്തിമറിയുന്നുണ്ട്.

പുതുവെള്ളത്തിന്റെ കുത്തൊഴുക്കില്‍, ആറ്റിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ ഭാഗത്തൊക്കെ കൂടി നിന്ന് മീന്‍ പിടിയ്ക്കുന്നവരുമുണ്ട്. പുതുതായുണ്ടായ ചെറുചാലുകളില്‍ ഊപ്പ പിടിയ്ക്കാന്‍ നില്‍ക്കുന്ന ചെറുപ്പക്കാര്‍. രാവിലെ മുതല്‍ മിനക്കെട്ടവര്‍ക്കൊക്കെ വല്ലതും കിട്ടിക്കാണും. അല്ലാത്തവരൊക്കെ കലക്കവെള്ളത്തില്‍ മറിയുന്ന മീനും നോക്കി കൊതിയിറക്കി നില്‍ക്കുന്നതേയുള്ളൂ.

ഉലഹന്നാന്റെ വള്ളം ആറിന് കുറുകെ ഉടക്കുവലയിട്ട് കൊണ്ട് നീങ്ങുന്നു. വള്ളത്തിന്റെ മൂലയ്ക്ക് ഊന്ന് (മുളയൂന്ന്) പിടിച്ചുകൊണ്ടിരിയ്ക്കാന്‍ ജോസപ്പൂട്ടിയും. പണി കാണിച്ച് പഠിപ്പിയ്ക്കാന്‍ അപ്പന്‍ കൂടെ കൊണ്ടുപോന്നതാവണം. വല വലിച്ചുകയറ്റാന്‍ മാത്രം ഇരുത്തിയിരിയ്ക്കുന്ന ഒരു സഹായിയും വള്ളത്തിലുണ്ട്.

ഉടക്കുവല ഇട്ടുതീര്‍ന്ന് കഴിഞ്ഞ്, ഒരറ്റത്ത് നിന്ന് ഉലഹന്നാന്‍ വലപൊക്കാന്‍ തുടങ്ങിയപ്പോഴാണ് തീരത്ത് ഇറങ്ങിനിന്ന് മീന്‍ പിടിയ്ക്കുന്നവരുടെ കണ്ണ് തള്ളുന്നത്. ഉലഹന്നാന്റെ വലയിലെ ഓരോ കണ്ണിയിലും, കണ്ണിപൊട്ടിച്ച് പുറത്ത് ചാടാന്‍ വേണ്ടി പിടയ്ക്കുന്ന, വെള്ളിയും ചാരവും നിറമുള്ള മീനുകള്‍. മീനുകളുടെ നടുഭാഗത്ത് നൂല് കെട്ടി നെയ്തെടുത്തതു പോലെ, ഉലഹന്നാന്റെ വല വെള്ളത്തില്‍ നിന്ന് ഉയര്‍ന്ന് ഉയര്‍ന്ന് വരുന്നു.

കണ്ടുനില്‍ക്കുന്നവരുടെ ദൃഷ്ടിയില്‍ നിന്ന് ഉലഹന്നാന്റെ മീനുകള്‍, വള്ളത്തിനുള്ളിലേയ്ക്ക്. വലയുടെ മറ്റേയറ്റം വരെ പൊക്കി വള്ളത്തിലിട്ടുകഴിഞ്ഞപ്പോള്‍, ഉലഹന്നാന്‍ വള്ളം തിരിച്ചു വിട്ടു. ഈ മീനുകളെ വീട്ടിലെത്തിച്ചിട്ട് വേണം വലയുമായി തിരിച്ചെത്താന്‍. അപ്പന്റെ വള്ളത്തിലിരുന്ന് ജോസപ്പൂട്ടി വലയില്‍ കുടുങ്ങിയ മീനുകളെ ഓരോന്നായി ഊരിയെടുത്തുകൊണ്ടിരുന്നു.

ഏറിയും കുറഞ്ഞും നില്‍ക്കുന്ന ചാറ്റമഴയുമേറ്റ്, മുട്ടറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട്, വീശുവലയില്‍ മീന്‍ കേറാന്‍ കൊതിച്ചവരുടെയും, അരയും കഴുത്തുമൊപ്പം വെള്ളത്തില്‍ നിന്ന് ഊത്ത പിടിയ്ക്കാന്‍ നില്‍ക്കുന്നവരുടെയും, കണ്ണുകളില്‍ അസൂയ.
ഇത്രയും വലിയ ബഹളം ഇവിടെ നടക്കുന്നതിന്റെ യാതൊരു ഭാവവ്യത്യാസവും ജോസപ്പൂട്ടിയുടെ മുഖത്തില്ല. അല്ലെങ്കില്‍ തന്നെ മീന്‍ കണ്ട് സന്തോഷിയ്ക്കാന്‍ ജോസപ്പൂട്ടിയ്ക്കെന്താണ്... അധികം നേരം മെനക്കെടുത്താതെ ഇത്രയും മീന്‍ കിട്ടുന്നതൊഴിച്ചാല്‍ ജോസപ്പൂട്ടിയ്ക്ക് കാര്യമായ വ്യത്യാസമൊന്നും ഈ ദിവസത്തോട് തോന്നുന്നുണ്ടാവില്ല.

ആറാം ക്ലാസ്സിനു മുന്നിലൂടെ പോകുമ്പോള്‍ ജോസപ്പൂട്ടിയെ കണ്ടിട്ടുണ്ട്. അവധിയ്ക്ക് കൂട്ടുകൂടി ആറ്റില്‍ കുളിയ്ക്കാന്‍ വന്നപ്പോഴും. എന്തുകൊണ്ട്ണെന്നറിയില്ല, പലപ്പോഴും ഒറ്റയ്ക്കാണ് ജോസപ്പൂട്ടിയെ കണ്ടിരിയ്ക്കുന്നത്.

ആറ്റില്‍ കുളിയ്ക്കാന്‍ ജോസപ്പൂട്ടിയുണ്ടെങ്കില്‍, ജോസപ്പൂട്ടി മാത്രം ചെയ്യുന്ന ഒരു വിദ്യ കാണിയ്ക്കാറുണ്ട്. കണ്ണിലെ ചൂട് കുറയ്ക്കാനുള്ള വിദ്യ. കൈയില്‍ വെള്ളമെടുത്ത് കണ്ണിനടുത്തെത്തിച്ച് പെട്ടെന്ന് കൈപ്പത്തി മടക്കി ലംബമായി പിടിച്ച് കണ്ണിലേയ്ക്ക് ആ വെള്ളം ചീറ്റിയ്ക്കണം; കണ്ണടയ്ക്കാതെ. അതാണ് വിദ്യ ! കണ്ണു തുറന്ന് പിടിച്ച് മുങ്ങിനിവര്‍ന്നാല്‍ പോരേന്ന് ചോദിച്ചാല്‍ ജോസപ്പൂട്ടിയ്ക്കുത്തരമില്ല. എന്നാലും പിന്നീട് ആറ്റില്‍ വച്ച് കാണുമ്പോഴും ജോസപ്പൂട്ടി ഇതുതന്നെ കാട്ടും. ഇനി നേരാവുമോ. പരീക്ഷിയ്ക്കാനൊരു ചമ്മല്‍ ! അവധി കഴിഞ്ഞ് ഇക്കൊല്ലം മുതല്‍, ഒന്‍പതില്‍ കയറിയ ഞാനാണ് !

കുറേ നേരം ഉലഹന്നാന്റെ മീന്‍കൊയ്ത്ത് കണ്ട് നിന്നപ്പോഴാണ്, നേരം വൈകുന്നുവെന്ന് ഓര്‍ത്തത്. പിന്നെ വേഗം നടന്നു. ഉലഹന്നാന്റെ വീട്ടിലെത്തി മീന്‍ വാങ്ങിയിട്ട് മടങ്ങിപ്പോകണം. അച്ച, മൂന്ന്-മൂന്നരയാകുമ്പഴത്തേയ്ക്കും വീട്ടിലെത്തും. അതിന് മുന്നേ വീട്ടിലെത്തിയില്ലെങ്കില്‍ അച്ചയ്ക്ക് ആധി കയറും. പിന്നെ വഴക്ക് മുഴുവന്‍ അമ്മയ്ക്കായിരിയ്ക്കും കിട്ടുക.

ഉലഹന്നാന്റെ വീടിന് മുന്നില്‍ നീണ്ട ക്യൂവാണ്. ചീയാത്ത മീന്‍ വാങ്ങാന്‍, കാറില്‍ പോലും ആള്‍ക്കാര്‍ വരുന്നു, വണ്ടി നിര്‍ത്തി ത്രേത്യാമ്മയോട് മീന്‍ വാ‍ങ്ങുന്നു. വിലപേശലോ ഒരക്ഷരം ചോദ്യവും പറച്ചിലുമോ ഇല്ലാതെ. ത്രേത്യാമ്മ ഒറ്റയ്ക്ക് കണക്ക് കൂട്ടി വരുമ്പോള്‍ അല്പം താമസമെടുക്കുന്നതുപോലും ആര്‍ക്കും പ്രശ്നമല്ല.

**

രണ്ടാം ദിവസം : തിങ്കളാഴ്ച

വീട്ടില്‍ നിന്ന് നൂറടി മാത്രം അകലത്തിലുള്ള സ്കൂളില്‍ ചേര്‍ത്തതിന്റെ ഒരു ദോഷം, ഉച്ചയ്ക്കത്തേയ്ക്ക് പൊതിച്ചോറ് കെട്ടിക്കൊണ്ട് പോകാന്‍ പറ്റില്ലാ എന്നതാണ്. എത്ര നിര്‍ബന്ധിച്ചാലും അമ്മ പൊതിച്ചോറ് തന്ന് വിടില്ല. ഉച്ചയ്ക്ക് വീട്ടില്‍ വന്ന് ചൂട് ചോറും കറികളും കഴിച്ചോണം.

ഉച്ചമണിയടിച്ച് താമസിയാതെ കൂട്ടുകാരൊക്കെ ഊണുപൊതിയഴിയ്ക്കുമ്പോള്‍ വരുന്ന, വാട്ടിയ വാഴയിലയുടെയും ചോറിന്റെയും കറികളുടെയും കൂടിക്കുഴഞ്ഞ മണം, എന്നും കൊതി പിടിപ്പിയ്ക്കുന്നു.

വീട്ടില്‍ ചെന്ന് ചൂട് ചോറ് ഉണ്ണുമ്പോള്‍, പക്ഷേ, ആ മണമുണ്ടാവില്ല. കൊതി തീര്‍ക്കാന്‍, ഉച്ചയ്ക്ക് വാഴയില വെട്ടി, കഴുകി, അതില്‍ ചോറ് വിളമ്പിത്തരാന്‍ പറഞ്ഞ് അമ്മയോട് എത്രയോ തവണ വഴക്കുണ്ടാക്കിയിരിക്കുന്നു.

വെട്ടാവുന്ന വാഴയില തീര്‍ന്നു. അച്ച അറിയാന്‍ പോണില്ലാന്ന് കരുതി, ഒരു തവണ വാഴയുടെ കൂമ്പിനടുത്ത ഇല വെട്ടി ഉണ്ടുകൊണ്ടിരുന്നപ്പോഴാണ് അച്ച ആപ്പീസുവിട്ട് പതിവിലും നേരത്തേ കയറി വരുന്നത്. വിരളമായെങ്കിലും, ജോലി നേരത്തേ തീരുന്ന ദിവസം അച്ച നേരത്തേ വരാറുണ്ട്. കൂമ്പില വെട്ടി ചോറുണ്ണുന്നത് കണ്ട് അച്ചയ്ക്ക് ദേഷ്യം കയറിയെങ്കിലും, അച്ച ചിരിച്ചൊഴിഞ്ഞു. അച്ചയ്ക്ക് വിഷമമാകാതിരിക്കാന്‍, പിന്നെ വാഴയില വെട്ടിയുള്ള ഊണ് തന്നെ നിര്‍ത്തി, കൊതി തീര്‍ന്നില്ലെങ്കിലും.

ഇന്നും, പൊതിച്ചോറ് തന്ന് വിടാമോ എന്ന് അമ്മയോട് ചോദിച്ചിട്ട് നിരാശയായിരുന്നു ഫലം. ഉച്ചയ്ക്ക് സ്കൂള്‍ വിട്ട് വീട്ടിലെത്തി, അമ്മ ചോറ് വിളമ്പുന്നത് നോക്കി അടുക്കളയിലെ സ്റ്റീല്‍ കസേരയില്‍ ഇരിയ്ക്കുമ്പോഴാണ് വഴിയില്‍ നിന്ന് ഒരു അലമുറ പോലെ കേട്ടത്. ഓടിച്ചാടി വെളിയിലിറങ്ങി. ചോറ് വിളമ്പൊക്കെ നിര്‍ത്തി, അമ്മയും പിന്നാലെ വന്നു.

നോക്കുമ്പോഴാണ്, ഒരു സ്ത്രീ ദൂരേന്ന് എന്തൊക്കെയോ പറഞ്ഞ് കരഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടിവരുന്നത് കാണുന്നത്. നേറ്റിയ്ക്കുടുത്തിരുന്ന സാരിയെല്ലാം അഴിഞ്ഞുലഞ്ഞ്, ചെരിപ്പുപോലുമിടാതെയാണ് അവര്‍ ഓടി വരുന്നത്. അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലാകുന്നത്. ഉലഹന്നാന്റെ കെട്ടിയോള്‍; ത്രേത്യാമ്മ.

ത്രേത്യാമ്മയ്ക്കെന്തു പറ്റി ?

വലിയവായില്‍ കരഞ്ഞുകൊണ്ട് ത്രേത്യാമ്മ അടുത്തെത്തി. ആരൊക്കെയോ വിവരം ചോദിയ്ക്കാന്‍ നോക്കുന്നുണ്ട്. ത്രേത്യാമ്മയ്ക്കൊപ്പമെത്താന്‍, ഒന്ന് രണ്ട് പെണ്ണുങ്ങളും ത്രേത്യാമ്മയുടെ പിന്നാലെ ഓടിവരുന്നുണ്ട്. ആരോടും പറയാന്‍ നില്‍ക്കാതെ ത്രേത്യാമ്മ ഓട്ടം തുടര്‍ന്നു. പിന്നാലെ ഓടി വരുന്ന സ്ത്രീകള്‍ അറ്റവും മുറിയും പറഞ്ഞാണ് വിവരം അറിയുന്നത്.

ഉലഹന്നാന് ആറ്റില്‍ വച്ച് അപകടം പറ്റി !

മൂന്നാള്‍ ആഴത്തില്‍ മുങ്ങിപ്പൊങ്ങുന്ന, ആറ്റിന്റെ അടിത്തട്ടിലൊളിച്ചിരിയ്ക്കുന്ന മീന്‍ പിടിച്ചെടുത്തുകൊണ്ടു വരുന്ന, ഉലഹന്നാന് വെള്ളത്തില്‍ വച്ച് എന്ത് അപകടം പറ്റാന്‍ ?

പുതുവെള്ളത്തില്‍ തള്ളിക്കയറി വരുന്ന ഊത്ത പിടിയ്ക്കുന്നതിന്റെ ആഘോഷം കഴിഞ്ഞ്, സാധാരണ പോലെ വീശുവലയുമായി ഇറങ്ങിയതാണ് ഉലഹന്നാന്‍. അധികം മീനൊന്നും കിട്ടാതെ വന്നപ്പോള്‍, ആറിന്റെ മറുകരയില്‍, സൌകര്യമായൊരു സ്ഥലത്ത് തോട്ടാ* പൊട്ടിയ്ക്കാമെന്ന് തീരുമാനമായി. ഒറ്റയ്ക്കല്ല, പലര്‍ കൂടി.

വെള്ളത്തില്‍ പടക്കം എറിഞ്ഞ്, ചത്തുവീഴുന്ന മീന്‍, എല്ലാവര്‍ക്കും വേണ്ടി കോരിയെടുക്കാന്‍ ഉലഹന്നാന്‍ ആറ്റില്‍ ചാടി.

‘കുറേ നേരമായി പൊട്ടാതെ കിടന്ന ആ ഒരു തോട്ടാ കൂടി ഒന്ന് നോക്കിയേരെ ഒലാന്നാനേ’ എന്ന് ആരോ പറഞ്ഞത് കേട്ട് ഉലഹന്നാന്‍ മുങ്ങിച്ചെന്ന് തോട്ടാ തപ്പുന്നതിനിടയിലാണ്, വലിയൊരു മരത്തിന്റെ, ആറ്റിലേയ്ക്കാഴ്ന്നിറങ്ങി നില്‍ക്കുന്ന വേരുകള്‍ക്കിടയില്‍ പൊട്ടാതെ കിടന്ന തോട്ടാ പൊട്ടുന്നത്. വേരുകളുടെ ഇടയില്‍ നിന്ന് ഊരിപ്പോരാന്‍ ഉലഹന്നാന് കഴിയുന്നതിന് മുന്‍പ്, ഉലഹന്നാന്റെ ശരീരത്തിന് അകലെയല്ലാതെ തോട്ടാ പൊട്ടി. കലങ്ങി മറിഞ്ഞ് തെറിച്ചുയര്‍ന്ന ജലത്തിന് തൊട്ടുപിന്നാലെ, ആറ്റു തീരത്തിന്റെ ഉപരിതലത്തില്‍ ചുവപ്പ് നിറം പടര്‍ന്നു.

കരയില്‍ കൂടി നിന്നവര്‍ ഉലഹന്നാന്റെ ശരീരവും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയത് കേട്ടറിഞ്ഞ്, ഭ്രാന്തെടുത്ത് ഓടിയതാണ് ത്രേത്യാമ്മ; ആശുപത്രിയിലെത്താന്‍.

സാരി കൊണ്ട് മുഖം മറച്ച് അമ്മ കണ്ണൊപ്പുന്നു. ചോറ് ഉണ്ണാന്‍ നില്‍ക്കാതെ സ്കൂളിലേയ്ക്ക് നടന്നു. ഭഗോതിയെ വിളിച്ച് എന്തോ പിറുപിറുക്കുന്നതിനിടയിലും, ‘ഉണ്ടിട്ട് പോടാ‘ എന്ന് അമ്മ പിന്നില്‍ നിന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.

*

സ്കൂളില്‍ ചുരുക്കം ചില കുട്ടികളെങ്കിലും വിവരം കേട്ടറിഞ്ഞിരിയ്ക്കുന്നു. അവിടവിടെയായി കൂടി നിന്നും, കൂട്ടുകാരുടെ അടുത്ത് ചെന്നും, പലരും വാര്‍ത്ത പങ്കുവയ്ക്കുന്നു. ഇന്നുച്ച കഴിഞ്ഞ് മിക്കവാറും ക്ലാസ്സുണ്ടാവില്ല.

ആറാം ക്ലാസ്സിനടുത്ത് മാ‍ത്രം ചെല്ലാന്‍ എല്ലാവര്‍ക്കും മടി പോലെ.

ഹെഡ് മാസ്റ്ററുടെ ഓഫീസിന് മുന്നില്‍ ഉലഹന്നാന്റെ പഴയ സഹായി കാത്തു നിന്നു.

ആറാം ക്ലാസ്സിന് മുന്നിലെത്തി, പ്യൂണും ക്ലാസ് ടീച്ചറും കൂടി ജോസപ്പൂട്ടിയെ അന്വേഷിച്ചു. മീന്‍മുള്ളും വാഴയിലയും ഇല പൊതിഞ്ഞിരുന്ന പത്രക്കടലാസും കളഞ്ഞിട്ട് തിരിച്ചുവരുന്ന ജോസപ്പൂട്ടിയെ എന്തോ പറഞ്ഞ് കൂട്ടിക്കൊണ്ട്, ടീച്ചര്‍ ഹെഡ് മാസ്റ്ററുടെ മുറിയ്ക്ക് നേരെ നടന്നു.

എന്തിനാണ് ഹെഡ് മാസ്റ്ററുടെ മുറിയിലേയ്ക്ക് കൊണ്ടുപോകുന്നതെന്നോര്‍ത്ത്, ജാള്യത്തോടെ യൂണിഫോം നിക്കറില്‍ തിരുപ്പിടിച്ചുകൊണ്ട്, ജോസപ്പൂട്ടി ടീച്ചറുടെ പിന്നാലെ.

അധികം വൈകാതെ, ഉലഹന്നാന്റെ പഴയ സഹായിയുടെ കൂടെ ജോസപ്പൂട്ടി സ്കൂള്‍ മുറ്റം കടന്ന് പുറത്തേയ്ക്ക്. അവിടവിടെയായി കൂടി നില്‍ക്കുന്ന കുട്ടികളുടെയും ടീച്ചര്‍മാരുടെയും കണ്ണുകള്‍ ജോസപ്പൂട്ടിയിലാണ്. ജോസപ്പൂട്ടിയുടെ മുഖത്ത് ഇപ്പോഴും ഭാവവ്യത്യാസമൊന്നുമില്ല. ജോസപ്പൂട്ടിയോട്, കാര്യം എന്താണെന്ന് പറഞ്ഞുവെന്ന് തോന്നുന്നില്ല.

അപ്പന്റെ കൂടെ വള്ളത്തിലിരുന്ന് വെള്ളിയും ചാരവും നിറമുള്ള മീനുകളെ വലയില്‍ നിന്നൂരിക്കോണ്ടിരുന്നപ്പോള്‍ കണ്ട അതേ നിസ്സംഗതയോടേ ജോസപ്പൂട്ടി അപ്പന്റെ പഴയ സഹായിയോടൊപ്പം നടന്നു നീങ്ങി. സ്കൂള്‍ മുറ്റം കടന്ന്, വളവ് തിരിഞ്ഞ് ഇറക്കം കഴിഞ്ഞാല്‍ കാണുന്ന, പാടവും റബ്ബര്‍ തോട്ടവും കഴിഞ്ഞുള്ള ആറ്റിന്‍-കരയിലെ വീട് ലക്ഷ്യമാക്കി.

ജോസപ്പൂട്ടി പോയി താമസിയാതെ സ്കൂളില്‍ കൂട്ടമണി മുഴങ്ങി. ചെറിയ ക്ലാസ്സിലെ കുട്ടികളൊക്കെ, ആര്‍ത്തലച്ച് ഊത്തപോലെ ക്ലാസുകളില്‍ നിന്നിറങ്ങി വീട്ടിലേയ്ക്കോടി.

പുസ്തകക്കെട്ടെടുത്ത് പതിയെ വീട്ടിലേയ്ക്ക് തിരിച്ചു നടന്നു.

ഇന്ന്, ഇന്നൊരേയൊരു ദിവസം മാത്രമെങ്കിലും, അച്ച നേരത്തേ വന്നിരുന്നെങ്കില്‍...

************

{*തോട്ടാ - വെള്ളത്തിനടിയില്‍ പൊട്ടിച്ച് മീന്‍ പിടിയ്ക്കാന്‍(നും) ഉപയോഗിയ്ക്കുന്നു.}

Wednesday, August 30, 2006

 

സാബു എന്ന സെബാസ്റ്റ്യന്‍‍ : (ഓര്‍മ്മക്കുറിപ്പ്)

എല്ലാ പകല്‍ക്കിനാവുകള്‍ക്കുമപ്പുറമുള്ളൊരു ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം ആണ് സെബാസ്റ്റ്യനെ പരിചയപ്പെടുന്നത്.

ആദ്യ റൌണ്ട് ബ്രീഫിംഗ് കഴിഞ്ഞ്, എച്ച്. ആര്‍. മാനേജര്‍ എന്നെ സെബാസ്റ്റ്യന്റെ കൈകളിലേല്‍പ്പിച്ചു; എല്ലാവരെയും പരിചയപ്പെടുത്താന്‍. മൂന്നു നിലകളിലായി അറുപതോളം പുതുപുത്തന്‍ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ ഒരു കാര്യം അറിയാതെ ശ്രദ്ധയില്‍ പെട്ടു. പുതിയ ആളായ എന്നേക്കാള്‍ ഒരല്പം കൂടുതല്‍ നേര്‍വസ്നെസ്സ്, പരിചയപ്പെടുത്താന്‍ കൂട്ടു വന്ന സെബാസ്റ്റ്യന് ഉണ്ട്.

ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സ്, എന്റെ അതേ ഉയരം, ഇരുനിറം, ഒരു കാലത്ത് ജിമ്മിലെ പതിവു സന്ദര്‍ശകനായിരുന്നു എന്ന് വിളിച്ചുപറയുന്ന ശരീരപ്രകൃതം, നേര്‍വസ്നെസ്സിനെ മറച്ചുപിടിയ്ക്കുന്ന എന്തൂസിയാസം, വളരെ ഉയര്‍ന്ന നിലവാരമുള്ള ഇംഗ്ലീഷ് ; ഇത്രയുമാണ് ഇഷ്ടന്റെ ഒറ്റനോട്ടത്തിലെ പ്രത്യേകതകള്‍. സെബാസ്റ്റ്യന്‍ എന്ന പേര് കേട്ടാല്‍ മലയാളിയാണെന്ന് തോന്നും. ശരിയാണ്. അപ്പനും അമ്മയും മലയാളികളാണെങ്കില്‍ മക്കളും മലയാളികളാണല്ലോ. ഡെല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന സെബാസ്റ്റ്യനു മലയാളമറിയില്ലെങ്കിലും.

‘ഐ കാണ്ട് സ്പീക്ക് ദിസ് ലാംഗ്വേജ്’ എന്നാണ്, സെബാസ്റ്റ്യനോട് മലയാളം സംസാരിക്കാനുള്ള ശ്രമത്തിന് എനിക്ക് കിട്ടിയ മറുപടി. വളരെ വേഗം തന്നെ ഞങ്ങള്‍ സുഹൃത്തുക്കളായി എങ്കിലും ഈ അഹങ്കാരം എനിക്കൊരു ചെറിയ ഇന്‍സള്‍ട്ടായി തോന്നി. പക്ഷേ, വാശി പിടിയ്ക്കേണ്ട സ്ഥലമല്ലാത്തതിനാല്‍‍ അത് മറന്നുകളയേണ്ടി വന്നു.

ഓഫീസ് റിന്നൊവേഷന് ശേഷം, സീറ്റുകള്‍ റീ-അലോക്കെറ്റ് ചെയ്തപ്പോള്‍ ഒരു ക്യുബിക്കിളിന്റെ ഇരുവശവും എത്തിപ്പെട്ടതോടെയാണ്, ഞങ്ങള്‍ ‍കൂടുതല്‍ അടുത്ത സുഹൃത്തുക്കളായത്. സെബാസ്റ്റ്യന്‍ എച്.ആര്‍.കാരനായതിനാല്‍, ലഞ്ച്-ബഡീസ് ആയിത്തുടങ്ങിയ സൌഹൃദം എനിക്ക് പലപ്പോഴും പ്രയോജനപ്പെട്ടു. പൊതുവേ വിവരങ്ങള്‍ മണത്തറിയുന്നതില്‍ പിന്നോക്കമായ എനിക്ക്, എച്.ആറിലെ പല രഹസ്യങ്ങളും കിട്ടാന്‍ തുടങ്ങി. എന്നാല്‍ ആഴത്തിലുള്ളതും വ്യക്തിപരവുമായ ഒരു ഡീറ്റെയിത്സും, ഒരിക്കലും സെബാസ്റ്റ്യന്റെ വായില്‍ നിന്ന് വീണ് കേട്ടിട്ടില്ല.

ആ ഓഫീസില്‍ എന്നെക്കൂടാതെ, കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഒരേയൊരു വ്യക്തിയായ മിസ്സിസ്സ് മേനോന്‍ - എന്ന് അറിയപ്പെടുന്ന തൃശൂര്‍ക്കാരി സുശീലാമേനോന്‍ - ആയിരുന്നു സെബാസ്റ്റ്യന്റെ ബോസ്. കര്‍ക്കശക്കാരിയായ ബോസിന്റെ എല്ലാ ഉത്തരവുകളും പാലിക്കാനും ഓഫീസിലെ ടെമ്പുകളെ മാനേജ് ചെയ്യാനും സെബാസ്റ്റ്യന്‍ നല്ല പാട് പെട്ടിരുന്നു.

എന്റെ ഫീല്‍ഡില്‍ ഒരു മൂന്നുനാലു കൊല്ലത്തിന്റെ എക്സ്പീരിയന്‍സ് എനിക്ക് ഉണ്ടായിരുന്നതിന്റെ ബലത്തില്‍, ‘സാ’ മട്ടില്‍ കാര്യങ്ങള്‍ നടത്തിയിരുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഏല്‍പ്പിച്ച എല്ലാ ജോലികളും കൃത്യമായി ചെയ്ത സംതൃപ്തിയോടെ, സെബാസ്റ്റ്യന്‍ എന്നും വൈകിട്ട് വീട്ടില്‍ പോകാനായി വെസ്പാ സ്റ്റാര്‍ട്ട് ചെയ്യുന്നത് മുകളിലിരുന്ന് കണ്ട്കൊണ്ട് ആയിരിക്കും മിക്കവാറും ഞാന്‍ എന്റെ പണികള്‍ ധൃതിയില്‍ തീര്‍ക്കുന്നത്.

മിക്കവാറുമൊക്കെ ജോലികള്‍ കൃത്യമായി ചെയ്തിട്ടും സെബാസ്റ്റ്യന് സാമാന്യം നല്ല തോതില്‍ മിസ്സിസ് മേനോന്റെ വക വഴക്ക് കിട്ടാറുണ്ടായിരുന്നു; അണ്ടകടാഹം പോലെ കിടക്കുന്ന ജോലികളില്‍ പിഴവ് വരിക സ്വാഭാവികം, വന്നാല്‍ അത് കണ്ട് പിടിയ്ക്കുക മിസ്സിസ് മേനോന്റെ സ്പെഷ്യാലിറ്റിയും.

അതുകൊണ്ട് തന്നെ എന്നോട് സൌഹൃദത്തിനിടയില്‍ പോലും ഒരു അല്പം അസൂയ ഇഷ്ടന് ഉണ്ടായിരുന്നു. സെബസ്റ്റ്യന്‍ അത് മറച്ച് വച്ചിട്ടുമില്ല. വിദേശത്ത് വച്ച് നടക്കുന്ന, കമ്പനി വക ഒരു മീറ്റില്‍ പങ്കെടുക്കാനുള്ള ചാന്‍സ് എനിക്ക് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ സാബു സന്തോഷം മറച്ച് വച്ചില്ല. അത് എനിക്ക് ഈര്‍ഷ്യയാകുകയും ചെയ്തു.

അപ്പനും അമ്മയും നേരത്തേ മരിച്ചതിനാല്‍, ന്യൂസിലാന്‍ഡിലുള്ള ഒരു ചേട്ടനും ഡെല്‍ഹിയിലുള്ള ഒരു ചേട്ടനും ചേച്ചിയുമാണ് സെബാസ്റ്റ്യന്റെ കസ്റ്റോഡിയന്‍സ്. അവരവരുടെ കുടുംബ-പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സെബാസ്റ്റ്യന്‍ അവര്‍ക്കൊരു പ്രധാന്യമുള്ള വിഷയമായിരുന്നില്ല. ഡെല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന സെബാസ്റ്റ്യന് അതൊരു പ്രശ്നമായി തോന്നിയിട്ടുമുണ്ടാവില്ല.

ചേട്ടന്റെ വീട്ടില്‍ കൊടുക്കുന്ന വാടകയുടെ വീതത്തിന് പുറമേ ചിലവിന്റെ ഒരു ഭാഗവും സെബാസ്റ്റ്യന്‍ വഹിച്ചിരുന്നതിനാല്‍ ‘തന്റെ തുണിയെല്ലാം ചേച്ചിയമ്മ തന്നെ അലക്കി വൃത്തിയാക്കിത്തരണം‘ എന്നൊരു വാശി സെബാസ്റ്റ്യന്‍ കാണിച്ചിരുന്നു. ആ വാശി, ഒരു ദിവസം ലഞ്ചിനിടെ എന്നോട് ആവേശപൂര്‍വം പറഞ്ഞതിന് ശേഷം, പറഞ്ഞത് മണ്ടത്തരമായിപ്പോയി എന്ന് മനസ്സിലാക്കി സെബാസ്റ്റ്യ്ന് ചമ്മിയത് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു.

ഇപ്പോള്‍ നിങ്ങളില്‍ പലരും വിചാരിക്കുന്നത് പോലെ ഒരിയ്ക്കല്‍ എനിക്കും തോന്നി; ഈ സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ എന്നുള്ള വിളി വല്ലാതെ നീണ്ട്താണ്. ആവര്‍ത്തിക്കുമ്പോള്‍ ബോറാകുകയും ചെയ്യുന്നു. അത് കൊണ്ടാണ്, ഒരു ദിവസം ഓഫീസില്‍ വച്ച് തന്നെ, സെബാസ്റ്റ്യന് ‘സാബു’ എന്ന് ഞാന്‍ പുനര്‍-നാമകരണം ചെയ്തു. പുതിയ പേര് സെബാസ്റ്റ്യന് ഇഷ്ടപ്പെട്ടു. പകരം, ഓഫീസിനടുത്തുള്ള ശര്‍മ്മാജിയുടെ ഢാബയില്‍ നിന്ന് എനിക്കൊരു ലഞ്ച് ഫ്രീ‍യായി കിട്ടി. ഇരുപതുരൂപയുടെ ലഞ്ചാണ്. സാദാ ഥാലി. ചോറും ഒരു കറിയും റൊട്ടിയും സലാഡും. സ്ഥിരം കസ്റ്റ്മറായതുകൊണ്ട് ഇരുപത് എന്നത് നെഗോഷ്യേറ്റ് ചെയ്ത് പതിനെട്ടാക്കിയ സാബു, ഈയൊരു കാരണത്തിന്റെ പേരില്‍ സൌജന്യമായി ലഞ്ച് വാങ്ങിത്തന്നത് തന്നെ അത്ഭുതം !

അങ്ങനെയിരിക്കെയാണ് എച്.ആറിന്റെ ഹെഡ്ഡായ അസ്സോഷിയേറ്റ് ഡയറക്ടര്‍ക്ക് പ്രമോഷന്‍ കിട്ടി, അവര്‍ ഡയറക്ടര്‍ ആകുന്നതും, ഡയറക്റ്ററുടെ എക്സിക്യുട്ടീവ് സെക്രട്ടറി എന്ന അധികച്ചുമതലയും ശമ്പളവര്‍ദ്ധനയും സെബാസ്റ്റ്യന് അപ്രതീക്ഷിതമായി കിട്ടുന്നതും.

ബഹുമാനം മൂത്തിട്ട്, എച്.ആര്‍. ഡയറക്ടരുടെ മുന്നില്‍ ചെന്ന് പെടാന്‍ തന്നെ ഭയമായിരുന്ന സെബാസ്റ്റ്യന്‍ ആ അധികച്ചുമതല ഏറ്റെടുത്തത് ഡയറക്ടറെയും മിസ്സിസ് മേനോനെയും പേടിച്ചിട്ട് തന്നെയായിരുന്നു. വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ പലരുടെയും ജോലി തെറിച്ചിട്ടുള്ള ഒരു മള്‍ട്ടിനാഷണല്‍ കുത്തക-കമ്പനിയായിരുന്നു ഞങ്ങളുടേത്.

അങ്ങനെ വന്ന അധികച്ചുമതലകളില്‍, ട്രെയിനിംഗിനും ബന്ധപ്പെട്ട എച്.ആര്‍. ഫംഗ്ഷനുകള്‍ക്കും ഹോട്ടല്‍-ബാങ്ക്വറ്റ് ഹാളുകള്‍ അറേഞ്ച് ചെയ്യുക എന്ന ‘ഭാരിച്ച‘ ഉത്തരവാദിത്വം സാബുവിന്റെ തലയില്‍ വീണു. അതോടെ ഞാനുമായുള്ള സകല ഈഗോ ക്ലാഷും മാറ്റി വച്ച്, സാബു നല്ല കുട്ടിയായി മാറി. വിദ്യാഭ്യാസം കൊണ്ട് അല്ലെങ്കിലും പ്രവര്‍ത്തി കൊണ്ട്, മീഡിയം സൈസ് കോണ്‍ഫറന്‍സുകള്‍ ഒരുക്കുന്നതില്‍ എനിക്ക് മുന്‍-പരിചയമുണ്ടായിരുന്നു. ഇതൊരു തലവേദന പിടിച്ച പണിയാണ് എന്ന് പലര്‍ക്കുമുള്ള തെറ്റിദ്ധാരണ സാബുവിനും ഉണ്ടായിരുന്നു. (ആ തെറ്റിദ്ധാരണ മുതലെടുത്താണ് ഞാനും എന്നെപ്പോലെ പല കോ-ഓര്‍ഡിനെറ്റേഴ്സും ജീവിച്ചുപോകുന്നത് !)

എന്റെ സ്വന്തം പണിയുടെ ടെന്‍ഷന്‍ മൂത്ത് നില്‍ക്കുന്ന സമയത്ത് എപ്പോഴെങ്കിലും സെബാസ്റ്റ്യന്‍ സഹാ‍യം ചോദിച്ച് വന്നിട്ടുള്ളപ്പോഴൊക്കെ ഹിന്ദിയിലും ഇംഗ്ലീഷിലും ചീത്ത പറഞ്ഞ് ഞാന്‍ സാബുവിനെ ഓടിച്ചിട്ടുമുണ്ട്. അവനവന്റെ കഞ്ഞിയില്‍ പാറ്റയിട്ടിട്ട് പരോപകാരം ചെയ്യാനൊക്കുമോ ! കുറേ നേരം ചീത്ത വിളി കേള്‍ക്കുമ്പോള്‍ സാബു നിശ്ബദനാകും.

തന്നെയല്ല, സെബാസ്റ്റ്യനെപ്പോലെ മിക്കവാറും ആള്‍ക്കാര്‍ക്കും തിങ്കള്‍-വെള്ളി മാത്രം ജോലിയ്ക്ക് വന്നാല്‍ മതി. എനിക്കാണെങ്കില്‍ ശനിയും ചിലപ്പോള്‍ ഞായറും ഓഫീസിലിത്തേണ്ടി വരും. അതുകൊണ്ട് തന്നെ, വെള്ളിയാഴ്ച വൈകുന്നേരമായാല്‍ സെബാസ്റ്റ്യന് സന്തോഷം വളരെ കൂടുതലാണ്. ചില വെള്ളിയാഴ്ചകളില്‍ സന്തോഷം മൂത്ത്, ഇറങ്ങുന്നതിന് തൊട്ട് മുന്‍പ്, ചില ഡാന്‍സ്-സ്റ്റെപ്പുകള്‍ വരെ ഇഷ്ടന്‍ കാട്ടാറുണ്ട് !

ഇത്രയൊക്കെ സൌഹൃദം ഉണ്ടായിട്ടും ഒരു തവണ പോലും ഞാന്‍ സാബുവിന്റെ വീട്ടിലോ സാബു എന്റെ റൂമിലോ ഒരിയ്ക്കല്‍ വന്നിട്ടില്ല. അത് ഡെല്‍ഹിയിലെ ജീവിതത്തിന്റെ പ്രത്യേകത. ആകെ ഒരു തവണ ഞങ്ങള്‍ ഒന്നിച്ച് പുറത്ത് പോയത്, ചാണക്യപുരിയ്ക്കടുത്തുള്ള ഒരു ധാബയില്‍ ‘അഫ്ഗാ‍നി ചിക്കന്‍’ കഴിയ്ക്കാനാണ്. സെബാസ്റ്റ്യന് അഫ്ഗാനി ചിക്കന്‍ വളരെ പ്രിയമായിരുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ഒരു അഫ്ഗാനി ചിക്കനും വെസ്പയില്‍ ഫുള്‍ ടാങ്ക് അടിച്ച് കണക്കില്ലാതെ ഒരു കറക്കവും സെബാസ്റ്റ്യന്റെ ഒരു വീക്ക്നെസ്സായിരുന്നു. വീക്ക് ഡേയ്സില്‍ മൊത്തം അരിച്ച് പിടിയ്ക്കുന്ന സെബാസ്റ്റ്യന്‍ വീക്കെന്റില്‍ ഈ പണി കാണിക്കുന്നതിന്റെ രഹസ്യം എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയിരുന്നില്ല.

ഏതാണ്ട് ഒരേ കാലത്താണ് ഞാനും സെബാസ്റ്റ്യനും കമ്പനി വിട്ട് പോരുന്നത്. ഞാന്‍ ഒരല്പം മുന്നേ പോന്നു.

ഇങ്ങോട്ട് പോരാനായി ജോലി രാജി വച്ച്, കമ്പനിയില്‍ നിന്ന് എന്റെ യാത്രയയപ്പും കഴിഞ്ഞ് വീ‍ട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ സാബുവും എന്റെ കൂടെ ഓട്ടോയില്‍ പോന്നു, സ്വന്തം വാഹനം ഓഫീസില്‍ തന്നെ വച്ചിട്ട്.

ഇറങ്ങാനുള്ള സ്ഥലത്തെത്തി, എന്റെ അല്ലറചില്ലറ സാധനങ്ങളുമായി ഞാന്‍ ഓട്ടോയില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ്, അപ്രതീക്ഷിതമായി സാബു എന്നെക്കെട്ടിപ്പിടിച്ച്, ഒരൊറ്റ കരച്ചില്‍ ! അത്തരമൊരു പെരുമാറ്റം ഒട്ടും പ്രതീ‍ക്ഷിക്കാത്തതിനാല്‍ ഞാന്‍ നന്നായി ചമ്മുകയാണുണ്ടായത്. ഓട്ടോക്കാരന്‍ ഇത് കണ്ട് എന്ത് വിചാരിക്കും എന്നാണ് എന്റെ ആദ്യത്തെ ചിന്ത പോയത്. ആറേഴ് സെക്കന്റോളം കരഞ്ഞിട്ട്, വളരെ പെട്ടെന്ന് സാബു നോര്‍മ്മലായി. ഞാന്‍ അവിടെ ഇറങ്ങുകയും സാബു ആ ഓട്ടൊയില്‍ തന്നെ യാത്ര തുടരുകയും ചെയ്തു.

റൂമിലേയ്ക്ക് നടക്കുമ്പോള്‍ കുറ്റബോധം തോന്നി. രണ്ടരക്കൊല്ലത്തെ സഹവാസം കൊണ്ട്, അപ്പനും അമ്മയും സ്നേഹിക്കാനാരുമില്ലാത്ത ഒരാളുടെ മനസ്സില്‍ ജ്യേഷ്ഠന്റെയോ മറ്റോ സ്ഥാനം പിടിച്ചെടുത്തിട്ട് അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അത് പ്രകടിപ്പിച്ചപ്പോള്‍ പ്രതികരിക്കാനും. നിരന്തരമായ പരിചയവും സൌഹൃദങ്ങളും പലപ്പോഴും ഹൃദയബന്ധങ്ങളായി മാറുന്നു എന്നത്, ശ്രദ്ധിക്കാന്‍ വിട്ടു പോകുന്നു. പറഞ്ഞ് പ്രകടിപ്പിക്കാത്ത വികാരങ്ങള്‍ ‘നോട്ട്’ ചെയ്യപ്പെടാതെ പോകുന്നു.

പിന്നീട് സാബുവുമായി കോണ്ടാക്ട് ഉണ്ടാവുന്നത് വളരെ നാളുകള്‍ കഴിഞ്ഞാണ്. ഒരു ഈമെയില്‍ വഴി. ന്യൂസിലന്‍ഡിന് പോകാനായി ഫയല്‍ ചെയ്തിട്ടിരുന്ന വിവരം എന്നോട് പറയാനാണ് സെബാസ്റ്റ്യന്‍ ആ ഈമെയില്‍ അയച്ചത്. ന്യൂസിലണ്ട് എംബസ്സി, വിസാ ഇന്റര്‍വ്യൂവിന് വിളിച്ചു എന്നും ബാങ്കില്‍ ഡെപ്പോസിറ്റായി കാണിയ്ക്കാന്‍ എത്രയൊ ലക്ഷം രൂപ ഉണ്ടെങ്കില്‍ വിസാ കിട്ടാന്‍ എളുപ്പം ഉണ്ട് എന്നും മറ്റുമൊക്കെ പറഞ്ഞ് ഒരു ഈമെയില്‍.

ഞാനാണെങ്കില്‍ അമേരിക്കയിലെത്തിയ കാലമായിരുന്നതുകൊണ്ട്, കൈയില്‍ കാശായിട്ട് ഒന്നുമില്ലെങ്കിലും ‘എത്ര വേണമെങ്കിലും എന്നോട് പറഞ്ഞാല്‍ മതി‘ എന്ന് തിരിച്ച് ഈമെയില്‍ അയയ്ക്കുകയും ചെയ്തു. മറുപടി വളരെ പെട്ടെന്ന് വന്നു. “കാശ് ശരിയാക്കിക്കൊണ്ടിരിക്കുന്നു. വിവരം അറിയിക്കാന്‍ എഴുതിയെന്നേയുള്ളൂ‍“
മാസങ്ങള്‍ക്ക് ശേഷം ന്യൂസിലണ്ടില്‍ നിന്ന് സാബുവിന്റെ ഈമെയില്‍ വന്നു. എന്തോ ചെറിയ ജോലി ചെയ്ത് കഴിയുന്നു. നല്ല ജോലിയൊന്നും ശരിയായില്ല. ഡെല്‍ഹിയ്ക്ക് തിരിച്ച് പോയാലോ എന്ന് ആലോചിക്കുന്നു. ചിലവു കൂടുതലാണ്. കത്തില്‍ മൊബൈല്‍ നമ്പരും ഉണ്ടായിരുന്നു.

എനിക്ക് തന്നെ ഇവിടെ ജോലി ശരിയാകാത്തതിന്റെ തിക്കുമുട്ടലില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ ആ ഈമെയിലിന് ഒരു വരിയിലെന്തോ എഴുതി മറുപടി വിട്ടു.

പിന്നെയും കുറേക്കഴിഞ്ഞ്, ഞാന്‍ ഇവിടെ സെറ്റില്‍ ആയിക്കഴിഞ്ഞ് ഒരു തവണ സാബുവിനെ വിളിയ്ക്കണമെന്ന് തോന്നി. വിളിച്ചു. ഫോണ്‍ എടുത്തത് നല്ല മൂഡിലല്ല എന്ന് തോന്നി. താമസിയാതെ വിശദീകരണവും സാബു തന്നെ തന്നു. അവിടെയിപ്പോള്‍ പാതിരാ മൂന്നുമണിയാണത്രേ. അവനനവന്റെ വില അവനവന്‍ തന്നെ കളഞ്ഞല്ലോ എന്ന് വിചാരിച്ച് ഞാന്‍ ഫോണ്‍ വച്ചു.

******

ഇക്കൊല്ലം ആദ്യം പതിവില്ലാതെ സാബുവിന്റെ ഈമെയില്‍‍ വന്നു. ‘ഡെല്‍ഹിയിലെ പഴയ കമ്പനിയിലെ സുഹൃത്തുക്കള്‍ ആരോടും ഇപ്പോള്‍ പറയരുത്, ഞാന്‍ ഹോസ്പിറ്റലില്‍ ആണ്. എന്റെ നെഞ്ചില്‍ ഒരു മുഴ കണ്ടുപിടിയ്ക്കപ്പെട്ടിരിക്കുന്നു. ഓപ്പറേറ്റ് ചെയ്ത് നീക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്, ഏതായാലും പ്രാര്‍ത്ഥിക്കണം’

തമാശയാണോ കാര്യമാണോ എന്ന് ആലോചിച്ച് ഒരു ദിവസം കഴിഞ്ഞാണ്, തമാശയാവില്ല എന്ന് ഞാന്‍ ഉറപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ തരാന്‍ മെയില്‍ അയച്ചിട്ട് മറുപടിയൊന്നും വന്നില്ല. ആരോടും തല്‍ക്കാലം പറയരുത് എന്ന് മാത്രം ഒരേ പല്ലവി. ആകാംക്ഷ സഹിക്കാന്‍ വയ്യാഞ്ഞിട്ട്, ഞാന്‍ ഡെല്‍ഹിയില്‍ മിസ്സിസ്സ് മേനോനെ വിളിച്ച് ചോദിച്ചപ്പോള്‍, അവിടെ ആര്‍ക്കും ഒരു വിവരവുമില്ല. സാബുവിനെ നേരിട്ട് ഫോണ്‍ വിളിയ്ക്കാന്‍ എനിക്കെന്തോ ഒരു മടി.

ഒരു മാസം കഴിഞ്ഞ് കാണും, ഒരു ദിവസം യാഹൂ മെസ്സഞ്ചറില്‍ കൂടി വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്ന സമയത്ത്, പെട്ടെന്ന് സാബു ഓണ്‍ലൈന്‍ ആയി. ‘ഹായ്, ഹൌ ആര്‍ യൂ’ എന്ന് ഞാനൊരു മെസ്സേജ് അയച്ചിട്ടും മറുപടി ഒന്നും കാണുന്നില്ല. കള്ളം കണ്ടുപിടിയ്ക്കപ്പെട്ടതു പോലെ ഒരല്‍പം കഴിഞ്ഞ് സാബു ഓഫ്-ലൈന്‍ ആകുകയും ചെയ്തു.

******

ഒന്നര മാസത്തോളം കഴിഞ്ഞ് ഒരു ദിവസം മിസ്സിസ് മേനോന്റെ ഈമെയില്‍ വന്നു. ‘സെബാസ്റ്റ്യന്‍ നിര്യാതനായിരിക്കുന്നു. മരണകാരണം ഹാര്‍ട്ട് അറ്റായ്ക്ക് ആണ് എന്ന് ആരൊ അറിയിച്ചിരിക്കുന്നു, ശരീരം നാട്ടിലെത്തിക്കും.’

കേട്ടറിഞ്ഞതിലുള്ള പിശകാണോ, അതോ ശരിയ്ക്കും ഹാര്‍ട്ട് അറ്റായ്ക്ക് തന്നെ ആയിരുന്നോ എന്ന് ഉറപ്പില്ല.

പോകുമ്പോള്‍ പാസ്സഞ്ചറും തിരികെ വരുമ്പോള്‍ പാസഞ്ചറോ കാര്‍ഗോയോ എന്ന് ഉറപ്പില്ലാത്തതുമാ‍യ മനുഷ്യജന്മം. അതിനിടയില്‍ എന്തെല്ലാം... എന്തെല്ലാം...

Sunday, July 30, 2006

 

ഗ്രാ‍മഫോണുകള്‍

ഗസലുകളെ അതിരറ്റ് ഇഷ്ടപ്പെട്ടിരുന്ന കോശിച്ചായന്‍. എന്റെ ആദ്യകാല അമേരിക്കന്‍ സഹപ്രവര്‍ത്തകന്‍. നല്ല ഗസലുകള്‍ കേട്ട് ഡ്രൈവ് ചെയ്യുമ്പോള്‍, മനസ്സില്‍ തന്നോട് തന്നെ സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന കോശിച്ചായന്‍.

സംഗീതത്തെ സ്നേഹിക്കുന്ന, ശുദ്ധമനസ്കരായ എല്ലാ കോശിച്ചായന്മാര്‍ക്കും ഈ കഥ സമര്‍പ്പിക്കുന്നു........

*****************************

'കെന്നഡി’യിലേയ്ക്ക് കയറുമ്പോള്‍ പെട്ടെന്നാണ് ഒരു ട്രക്ക്, സിഗ്നലിടാതെ മുന്നില്‍ കയറിയത്. ഉള്ളൊന്നു കാളി. തമ്പുരാനേ ! എന്റെ ഫോള്‍ട്ടായിരുന്നോ.....? ..അല്ല.... ഈ നശിച്ച ട്രക്കുകാര്‍. ഇന്നാളല്ലേ ഒരു മെക്സിക്കന്‍ ഫാമിലിയുടെ കാറിന്റെ മുകളിലേയ്ക്ക് ഇതുക്കൂട്ടൊരു ട്രക്ക് മറിഞ്ഞുവീണത്. പാവങ്ങള്‍ ! ഒന്നൊഴിയാതെ എല്ലാം അതിനടിയില്‍ പെട്ടു.

കോശിച്ചായന്‍ ലെയിന്‍ മാറി ലെഫ്ടിലെത്തി. ഇവിടെ ട്രക്കുകാര്‍ വരില്ല. സ്പീഡ് കൂടുമ്പോള്‍ സൂക്ഷിക്കണമെന്ന് മാത്രം. എന്ത് സ്പീഡ് കൂടാന്‍ ! രാത്രി ഏഴരയായിട്ടും തിരക്കിനൊരു കുറവുമില്ല.

ഇന്ന് മുഴുവനും, ഒരു സെക്കന്റ് വെറുതെയിരിക്കാന്‍ സമ്മതിച്ചില്ല ആ കോലന്‍ സായിപ്പ്. രാവിലെ ചെന്നതു മുതല്‍ ടൈപ്പിംഗിനുള്ള വക തന്നുകൊണ്ടേയിരുന്നു. സാധാരണ ലഞ്ച് കഴിച്ച് കഴിഞ്ഞ് തിരിച്ച് വന്നാല്‍ പിന്നെ ഒരു പത്തിരുപത് മിനുട്ട് ശല്യപ്പെടുത്താറില്ല. കിളവന്‍ വലിച്ച് കേറ്റിയതു മുഴുവന്‍ ഒന്ന് ഒതുങ്ങുന്നത് വരെ ചെറുമയക്കം ആയിരിക്കും. ഇന്ന് അതും ഉണ്ടായില്ല. തിരിച്ച് പഞ്ച്-ഇന്‍ ചെയ്ത് കഴിഞ്ഞ ഉടനേ തന്നെ നാലഞ്ച് മുട്ടന്‍ ഫയലുകള്‍ എടുത്ത് മേശപ്പുറത്തിട്ട് തന്നു. ‘വൈകുന്നേരത്തിന് മുന്നേ തന്നെ എല്ലാം ടൈപ്പ് ചെയ്ത് തീര്‍ക്കണ‘മെന്ന് ഒരു കല്പനയും.

കലിപ്പു വന്നതാണ്. ഫയല്‍ മുഖത്തേയ്ക്കെറിഞ്ഞിട്ട് മലയാളത്തിലാണെങ്കിലും നാല് തെറി പറയണമെന്നൊരാഗ്രഹം കുറേ നാളായി മനസ്സില്‍ കിടക്കുന്നു. ടൈപ്പിംഗ് പോലും...... എറണാകുളത്തെ പട്ടന്മാരുടെ കൂടെ ജോലിയിലിരുന്ന കാലത്തെ കണക്കിന്, അവിടെയെങ്ങാനുമായിരുന്നെങ്കില്‍ ഇപ്പഴൊരു മാനേജരെങ്കിലും ആകേണ്ടതാണ്. ഇവിടെയോ... വെറും ടൈപ്പിസ്റ്റ്. നാ‍ലാളുടെ പണി ആണ് കിളവന്‍ ഒരാളെക്കൊണ്ട് ചെയ്യിക്കുന്നത്. നശിക്കാന്‍ എന്തെങ്കിലും പറയാന്‍ പറ്റുമോ. ഇഷ്ടപ്പെടാതെ എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ അതു മതി; വൈകുന്നേരം ഏജന്‍സിയുടെ ഫോണ്‍ വരും വീട്ടിലേയ്ക്ക്. ‘യുവര്‍ അസ്സൈന്മെന്റ് വിത്ത് കെല്ലിംഗ്ടണ്‍ ഈസ് ഓവര്‍, ദിസ് ഫ്രൈഡേ ഈസ് യുവര്‍ ലാസ്റ്റ് ഡേ വിത്ത് അസ്’. മൂന്നര കൊല്ലം വിഴുപ്പലക്കിയത് മുഴുവന്‍, ഒറ്റയടിക്ക് വെറുതേ ആയിക്കിട്ടും.

ലെഫ്റ്റ് ലെയിനിലെത്തിയ സ്ഥിതിയ്ക്ക് ഇനി ധൈര്യമായിട്ട് പാട്ട് വയ്ക്കാം. ഉമ്പായിയുടെ ഒരു ഗസല്‍ കളക്ഷന്‍ ഡാഷ് ബോര്‍ഡില്‍ കിടന്നത് എടുത്തിട്ടു. കഴിഞ്ഞ തവണ നാട്ടില്‍ പോയി വന്നപ്പോല്‍ വാങ്ങിക്കൊണ്ട് വന്നതാണ്. തലയ്ക്ക് വെളിവ് തരാത്ത ജോലി ചെയ്ത് മടുക്കുമ്പോള്‍ ഇതാണ് കേള്‍ക്കുന്നത്. കേള്‍ക്കുമ്പോള്‍ തലയൊന്ന് തണുക്കും. ഓഫീസിലിരിക്കുമ്പോഴായാലും ഡ്രൈവ് ചെയ്യുമ്പോഴായാലും.

വീട്ടിലെത്തിയാല്‍ പിന്നെ പാട്ട് കേള്‍ക്കാന്‍ പറ്റുമോ. ജോലി കഴിഞ്ഞെത്തിയാല്‍ പിന്നെ കുളിച്ച്, വല്ലതും കഴിച്ച്, കയറിക്കിടക്കാനേ നേരമുള്ളൂ. ടീവീ കാണാമെന്ന് വച്ചാല്‍ പെണ്ണമ്മയ്ക്കിഷ്ടപ്പെട്ടതൊക്കെ തീരുമ്പോഴേക്കും മണി പത്തരപതിനൊന്നാകും. അതും കഴിഞ്ഞ് ടീവിയും കണ്ടിരുന്നാല്‍ പിറ്റേന്ന് ഓഫീസില്‍ ചെന്നിരിക്കുമ്പോള്‍ കണ്ണ് പുളിക്കും. അതുകൊണ്ട് ഒത്തിരി ജോലിക്കൂടുതലുള്ള ദിവസം വൈകുന്നേരം പോരുന്ന വഴി ഈ പാട്ടും കേട്ട് ഒരു കറക്കം അങ്ങ് കറങ്ങും. ഒത്തിരി ദൂരേയ്ക്കൊന്നുമില്ല. ഒരു പത്തിരുപത് മിനിട്ട് അധികം ഡ്രൈവ്. പാട്ട് കേട്ട് തീരാറാകുമ്പോള്‍ തിരിച്ച് പോരും.

കാറില്‍ ഗസല്‍ കേട്ടിരുന്ന് ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം വീട്ടില്‍ ഇരുന്ന് ഗസല്‍ കേട്ടാല്‍ കിട്ടില്ല. പെണ്ണമ്മയുടെ ബിച്ചിംഗ് നിറഞ്ഞ് നില്‍ക്കുന്നിടത്ത് എന്ത് ഗസല്‍. അവളുടെ ആങ്ങളമാര്‍ സ്പോണ്‍സറ് ചെയ്ത് അമേരിക്കേല്‍ കൊണ്ട് വന്നതിന്റെ അഹങ്കാരം. അമ്മയ്ക്ക് കൂട്ടിന് പറ്റിയ ഒരു മോളും. ആങ്ങളമാരെ സപ്പോര്‍ട്ട് ചെയ്യാന്‍ നേരത്ത് പെണ്ണമ്മയ്ക്കെന്നാ നാക്കാ. നമ്മളൊക്കെ അവളോട് ഏതാണ്ട് ചെയ്തപോലത്തെ വൈരാഗ്യമാണന്നേരം അവള്‍ക്ക്.

എറണാകുളത്തെ വാടക ഫ്ലാറ്റില്‍ താമസിച്ചിരുന്ന കാലത്ത് ഇച്ചായാന്ന് വിളിച്ചാല്‍ മുഴുവന്‍ വിളിക്കാത്ത പെണ്ണായിരുന്നു പെണ്ണമ്മ. കെട്ട് കഴിഞ്ഞ്, ആദ്യായിട്ടവളെ ഒരു സിനിമയ്ക്ക് കൊണ്ട്പോയപ്പോള്‍ എന്റെ തോളേല്‍ തല ചായ്ച്ചിരുന്നാണ് സിനിമ മുഴുവന്‍ അവള്‍ കണ്ട് തീര്‍ത്തത്. സിനിമ കഴിഞ്ഞ് ബസ്സ് കാത്ത് നില്‍ക്കുന്ന നേരത്ത് മഴയുടെ കുളിര് മാറ്റാന്‍, കൊറിക്കാന്‍ ചൂടുള്ള നിലക്കടല ഒരു പായ്കറ്റ് വാങ്ങി കൈയിലിട്ട് തിരുമ്മി തൊലി ഊതിപ്പറപ്പിച്ച്, പകുത്തു തിന്നതിന്റെ രുചി ഇപ്പോഴും നന്നായിട്ടോര്‍ക്കുന്നുണ്ട്. ഫ്ലാറ്റിന് മുന്നില്‍ ബസ് ഇറങ്ങിയപ്പോള്‍ മഴ നനയാതിരിക്കാന്‍ വേഗം നടന്ന് അകത്ത് കയറിയത് നോക്കിനിന്ന് അയല്പക്കംകാരി കള്ളച്ചിരി ചിരിച്ചതും. ഇവിടിപ്പോ എന്ത് മഴ, ഈരെട്ടുപതിനാറ് ഡോളറ് കൊടുത്തെന്ത് സിനിമ !

ഉമ്പായിയുടെ ഗസല്‍ മുറുകി വരുന്നു. മേലേക്കട്ടയിലാണിപ്പോഴത്തെ പിടുത്തം. ഇതിപ്പോ ഇത്രയും പ്രായമായിട്ടും ഈ പുള്ളിക്കാരന് ഒരു ക്ഷീണവുമില്ലല്ലോ. ഇന്നാട്ടിലെ സായിപ്പന്മാര് നമ്മളെക്കൊണ്ടൊക്കെ ജോലി ചെയ്യിക്കുന്ന കണക്ക് വച്ച് നമുക്കൊക്കെ ആ പ്രായമാകുമ്പോള്‍ പാട്ട് പാടാന്‍ പോയിട്ട് എണീറ്റ് നടക്കാന്‍ തന്നെ ശേഷി ഉണ്ടാകുമോ എന്തോ !

അതൊക്കെ ഓരോരുത്തരുടെ ഓരോ യോഗം. മനസ്സിന് പിടിച്ച ഒരു ജോലിയും പാട്ട് മനസ്സിലാകുന്ന കുറച്ച് കൂട്ടുകാരും. ജോലി കഴിഞ്ഞ് വൈകുന്നേരം ഇരുട്ടു വീഴുന്നതിന് മുന്നേ വീടെത്തുക, പിന്നെ മാസത്തില്‍ ഒരു ദിവസമെങ്കിലും ഉച്ച തിരിഞ്ഞ്, കപ്പയും പൊള്ളിച്ച മീനും ഇച്ചിരെ പനങ്കള്ളും കൂട്ടി ഒരു പാര്‍ട്ടി. അപ്പന്റെയൊക്കെ കാലം വരെ ഇതൊക്കെ സാധിച്ചു. നമുക്കൊന്നും ഇനിയത്തെ കാലത്ത് ഇതൊന്നും പറഞ്ഞിട്ടില്ല. വായില്‍ നുരയും പതയും വരുന്നത് വരെ സായിപ്പ് പറയുന്നത് കേട്ട് പണിയെടുക്കുക, നാട്ടില്‍ ചെന്ന് മൂന്നാഴ്ച കൊണ്ട് അത് അടിച്ച് പൊളിച്ച് തീര്‍ക്കുക. ഇതു തന്നെ അമേരിക്കന്‍ ഡ്രീം !

ഓ, എക്സ്പ്രസ്സ് വേ കഴിയാറായി. എക്സിറ്റ് എടുത്തു. ഈ സമയത്തും ലോക്കല്‍ റോഡില്‍ പോലും എന്താ തിരക്ക് ! ഇനിയീ തിരക്ക് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ എട്ടരയെങ്കിലും ആകും. നാളെ ജോലിയുള്ള വീക്കെന്റാണ്. ഹോസ്പിറ്റലിന്റെ കിച്ചണില്‍ എട്ട് മണിക്ക് ഡ്യൂട്ടിക്ക് എത്തണം. ശനിയാഴ്ചയാണെന്ന് പറഞ്ഞിട്ടെന്താ. രാവിലെ ഒന്ന് തിരിഞ്ഞ് കിടന്ന് ഉറങ്ങാന്‍ പറ്റില്ല. ഞായറാഴ്ചയും അതു തന്നെ കഥ. വീക്കെന്‍ഡില്‍ ഒരു എക്സ്ട്രാ ജോലിയില്ലാതെ ഇത് മുന്നോട്ട് പോകില്ലെന്നേയ്.

നാട്ടില്‍ ഒരു ഫ്ലാറ്റ് വാങ്ങിച്ചിട്ടതിന്റെ പറ്റില്‍ ഒരു നാനൂറ് ഡോളര്‍ എല്ലാ മാസവും അവിടെ എത്തിക്കണം. എറണാകുളത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന കാലത്തുള്ള ആഗ്രഹം ആണ്, പതിനഞ്ച് കൊല്ലം കഴിഞ്ഞാണെങ്കിലും സാധിച്ചത്. പിന്നെ മോളെക്കെട്ടിക്കാനൊള്ള കാലത്ത് ഉപകാരപ്പെട്ടേക്കും.

ഇവിടത്തെ വീടിന്റെ മോര്‍ട്ട്-ഗേജ് അടയ്ക്കാന്‍ മാത്രമേ പെണ്ണമ്മയുടെ ശമ്പളം തികയൂ. ‘സ്റ്റെപ്പ് കേറിയിറങ്ങേണ്ടാത്ത കാണ്‍ഡോ അപ്പാര്‍ട്ട്മെന്റ് മതിയെടീ നമുക്കെന്ന്‘ പറഞ്ഞതാണ്. രണ്ടും ഒരേ വലിപ്പോം ചുറ്റളവും. അപ്പഴവള്‍ക്ക് വിലകൂടുതലാണെങ്കിലും, ടൌണ്‍ ഹൌസ് തന്നെ വേണം. ആങ്ങളമാര്‍ക്കൊക്കെ സിംഗിള്‍ ഹോം ഉള്ളപ്പം, തീരെ കൊറയ്ക്കാന്‍ പറ്റില്ലത്രേ. പിന്നെ എന്താന്നേ, ഇതൊക്കെ ഒരു ആഗ്രഹം അല്ലേ.

പിന്നെ ഈ കാറിന്റെ ലോണ്‍. അതിപ്പോ, കൊറോളായില്‍ ഇടുങ്ങിക്കൂടി ഇരുന്നു മടുത്തു. ഇതാകുമ്പോള്‍ നടുവ് നിവര്‍ത്തി ഒന്ന് ഇരിക്കാം. പൊറകില്‍ അമ്മച്ചിക്കും ഒക്കെ, കാലും നീട്ടി സുഖമായി ഇരിക്കാന്‍ നല്ല ഇടയുണ്ട്. ഓ, അമ്മച്ചിയുടെ കണ്ണാടി പൊട്ടിയത് മാറി മേടിക്കാന്‍ മറന്നു. അതിനിനി ഇരുന്നൂറ് ഡോളറോളം വേണം. പിന്നെയെങ്ങാനും ആകട്ടെ. അമ്മച്ചി ഇനി പത്രം വായിച്ചിട്ട് എന്നാ അറിയാനാ. കരുണാകരന്‍ ഇടത്തോട്ടാണോ വലത്തോട്ടാണോ എന്നറിയാനല്ലേ.. അതിനിനി ഒരു തീരുമാനം ഉണ്ടാകുമ്പഴത്തേയ്ക്കും അമ്മച്ചി കാണുമോ എന്തോ !

തമ്പുരാനേ, എന്തെല്ലാം കുരുത്തക്കേടാണ് ആലോചിച്ച് കൂട്ടുന്നത്. ഈയിടെയായി പപ്പായുടെ ബിച്ചിംഗ് ഇത്തിരി കൂടുതല്‍ ആണെന്ന് മോള്‍ പറഞ്ഞപ്പോഴാണ് നേരാണല്ലോന്ന് ഓര്‍ക്കുന്നത്. പണ്ട് എറണാകുളത്ത് പട്ടന്മാരുടെ കൂടെ ജോലി ചെയ്തിരുന്ന കാലത്ത് ഇതൊന്നും തലയില്‍ ഇല്ലായിരുന്നു. എന്നും ഉച്ച കഴിഞ്ഞൊരു മൂന്ന് മൂന്നരയായാല്‍ പണി എല്ലാം തീരും. തീരാത്തത് വല്ലതും ഉണ്ടെങ്കില്‍ ജൂനിയര്‍ പട്ടന്മാരെ ഏല്പിക്കാം. അതുങ്ങള്‍ എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് ചെയ്ത് തരും. പിന്നെ ഒരു നാലര കഴിഞ്ഞാല്‍ വീട്ടില്‍ പോകാം. അഞ്ചര ആറ് മണിയായാല്‍ സഹമുറിയന്മാരെല്ലം ഒത്തുകൂടി ഒന്നോ രണ്ടോ ഗ്ലാസ് ബീയറും പിന്നൊരു ചെറിയ ഗാനമേളയും. ഇടയ്ക്കിടയ്ക്ക് ഓരോ സിനിമയോ ഗസല്‍ കച്ചേരിയോ മറ്റോ. മാസത്തിലൊരു തവണയെങ്കിലും നാട്ടിലെത്തി വീട്ടുകാരെയെല്ലാം ഒന്നിച്ച് കാണാം. അന്നൊന്നും അരെയും പറ്റി ബിച്ചിയതായി ഓര്‍ക്കുന്നില്ല.

ഉമ്പായിയുടെ ഗസല്‍ അങ്ങ് സുഖിപ്പിക്കുകയാണ്. പണ്ട് അപ്പന്റെ കാലത്ത്, മക്കളെയെല്ലാം റാഫി സാഹിബ്ബിന്റെ പാട്ട് കേള്‍പ്പിക്കാന്‍, ഒരു ഗ്രാമഫോണ്‍ മേടിച്ചുകൊണ്‍ട് വന്നതോര്‍ക്കുന്നു. എല്ലാ ഒന്നാം തിയതിയും അപ്പന്റെ തലയില്‍ പനങ്കള്ള് മൂക്കുമ്പോള്‍ പാട്ടൊക്കെ ഉറക്കെ വച്ച് വല്യ മേളമായിരിക്കും. ഒടുവില്‍ റാഫിസാഹിബ്ബ് മേലേക്കട്ടയിലെത്തുമ്പോള്‍ അപ്പന് സങ്കടം വരും. അപ്പഴാണ് അപ്പന്‍ സാഹിബ്ബിന്റെ കൂടെ പാടുന്നത്.

അപ്പനെ കുറ്റം പറയാന്‍ പറ്റില്ലെന്നേ ! എന്താ റാഹി സാഹിബ്ബിന്റെ പാട്ട് ! ഇപ്പൊ ആരെക്കൊണ്ട് പറ്റും അത് പോലെ പാടാന്‍. ഓ, വീടെത്താറായി. ഇപ്പോ ദാ ഗസലുകളുടെ മൂര്‍ദ്ധന്യത്തിലാണ് ഉമ്പായി പാടിക്കൊണ്ടിരിക്കുന്നത്.

ഉമ്പായിയങ്ങോട്ട് പാടിത്തീരട്ടെ. ഒരു പത്തിരുപത് മിനിട്ടിന്റെ കാര്യമല്ലേയുള്ളൂ. ഇതുംകൂടി കേട്ട് തീര്‍ത്തിട്ട് വണ്ടി ഗരാജില്‍ കയറ്റാം. ഈ മൂഡില്‍ വീട്ടില്‍ കയറിച്ചെന്നാല്‍ എന്താ മനുഷ്യാ താമസിച്ചത്, വഴിയെങ്ങാനും തെറ്റിപ്പോയോ’ന്ന് ചോദിച്ച് പെണ്ണമ്മ തുടങ്ങും. പിന്നത് മതി എനിക്ക് കലി കയറാന്‍. എന്തിനാ വെറുതേ...... എറണാകുളത്തെ പട്ടന്മാര്, സര്‍വീസ് ഡിപ്പാര്‍ട്മെന്റിലുണ്ടായിരുന്ന രാമനാഥന്‍ സാറടക്കം, ‘കോശിച്ചായാ‘ എന്നേ വിളിച്ചിട്ടുള്ളൂ... ഇവളുടെ, ഈയിടയ്ക്ക് തൊടങ്ങിയ ഒരു ‘മനുഷ്യാ‘ വിളി. ബഹുമാനമില്ലെന്നേയ്....

87-ത് സ്ട്രീറ്റില്‍ ലെഫ്റ്റ് എടുക്കേണ്ടതിന് പകരം കോശിച്ചായന്‍ ക്യാമ്രി നേരേ വിട്ടു. എങ്ങോട്ടാണെന്ന് ചിന്തിക്കാതെ. അധികമില്ല. ഒരു പത്തിരുപത് മിനിട്ട് ഡ്രൈവ് പോയിട്ട് വരാന്‍ വേണ്ടി മാത്രം.

Sunday, July 16, 2006

 

കരി-ഗ്യാസ്-വണ്ടി

ക്രിസ്തു വര്‍ഷം 1960.

********************
വേഗന്നാട്ടെ കുഞ്ഞുമാണീ ...

ചാ‍ച്ചന്റെ വിളി കേട്ട്, അകത്ത് നിന്ന് കുഞ്ഞുമാണിക്ക് പകരം അമ്മച്ചിയാണിറങ്ങി വന്നത്. അമ്മച്ചീടെ മുണ്ടിന്റെ ‘ഞൊറിയുടെ‘ (1) മറയില്‍, മടിച്ച് മടിച്ച് പിന്നാലെ കുഞ്ഞുമാണിയും.

“തോര്‍ത്ത് മുണ്ട് തോളേലിട്ടോണ്ട് പാലാച്ചന്ത വരെ വരാന്‍ അവന് നാണമാന്ന്“. അമ്മച്ചി, ചാച്ചനോട്.

മുറ്റത്ത് കൂട്ടിയിട്ടിരുന്ന പനമ്പിന്റെ കീറ് (2) ഒരെണ്ണം ഞൊടിയിട കൊണ്ട് കൈയിലാക്കി, അത് ചുഴറ്റി തന്റെ നേരെ ചാച്ചന്‍ വരുന്നത് കണ്ട്, കുഞ്ഞുമാണി അമ്മച്ചിയുടെ മുണ്ടിന്റെ പിടി വിട്ടോടി. നെയ്തുവച്ചിരുന്ന കുട്ടകളുടെ ഒരു കെട്ട്, വെപ്രാളത്തില്‍ തലയിലെടുത്ത് വച്ചു. വിരണ്ട്, ചാച്ചനെ നോക്കി.

“എന്നായിത്ര നാണിക്കാന്‍... ഇത്രേം കൊല്ലം ഈ തോര്‍ത്തും തോളിലിട്ട്, ‘കൊട്ട‘ നെയ്ത് വിറ്റു തന്നെയാ ഞാനിതുങ്ങളെയൊക്കെ തീറ്റിപ്പോറ്റിയത്. ഇപ്പം ഇവന് പത്ത് പന്ത്രണ്ട് വയസ്സായി. അപ്പന്റെ പണി ചെയ്യാന്‍ ഒരു നാണക്കേടും വേണ്ട. ഇന്നാണേ പാലാ ചന്തേല്‍ കച്ചോടം പൊടിപൊടിക്കുന്ന ദെവസോം”.

പനമ്പിന്റെ കീറ് ദൂരെക്കളഞ്ഞിട്ടും ശകാരം നിര്‍ത്താതെ, കുട്ടകളുടെ വലിയ ഒരു കെട്ടെടുത്ത് തലയില്‍ വച്ച് ചാച്ചന്‍ മുന്നോട്ട് നടന്നു. കണ്ണ് നിറഞ്ഞ് അമ്മച്ചിയെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് കുഞ്ഞുമാണി ചാച്ചന്റെ പുറകേയും.....

അധികം നടന്നില്ല, തൊമ്മിപ്പാപ്പന്റെ വീടെത്തിയപ്പോള്‍ ചാച്ചന്‍ നിന്നു. ആകെ അപ്പന് ബഹുമാനമുള്ളത് സ്വന്തം ചേട്ടനോടാണ്. വഴിയില്‍ തന്നെ നിന്നു കൊണ്ട് ചാച്ചന്‍ വിളിച്ചു :

‘ചേട്ടായിയേ..., ഞാനെത്തി. വേഗന്നായിക്കോട്ടേ...“

ഒരു നിമിഷം കഴിഞ്ഞ് അകത്ത് നിന്ന് മറുവിളി.

“ദേ വരുന്നെടാ...”

തലയിലൊരു ചുമട് നെയ്ത്തുപായുമായി, അല്പനേരത്തിനകം തൊമ്മിപ്പാപ്പന്‍ ഇറങ്ങിവന്നു.

മൂന്നാളുടെ കാല്‍ജാഥയില്‍ മൂന്നാമതായി കുഞ്ഞുമാണി നടന്നു. ചുമടുമായി നടക്കുന്നതിനിടയില്‍, തൊമ്മിപ്പാപ്പനും ചാച്ചനും ഏതാണ്ടൊക്കെ തമ്മില്‍തമ്മില്‍ പറയുന്നുണ്ട്. മലബാറില്‍ കെട്ടിച്ച് വിട്ട, തോമ്മാപ്പാപ്പന്റെ ഏറ്റവും മൂത്ത മോള്‍ മേരിച്ചേച്ചിയുടെ കാര്യമാണ്. മേരിച്ചേച്ചിയും അളിയനും മൂത്ത കൊച്ചും ഈ പെസഹായ്ക്ക്, മലബാറില്‍ നിന്ന് പാലായ്ക്ക് വരുന്നുണ്ടത്രേ. ആ കൊച്ചിനെ ഇതു വരെ ഇവിടെയാരും കണ്ടിട്ടില്ല.

നടന്ന് നടന്ന് മുത്തോലിക്കവലയെത്താറായി. മുത്തോലിക്കുന്നിന്റെ നെറുകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടം ദൂരേന്ന് കാണാം. ജൂണിയര്‍ ടെക്നിക്കല്‍ ഹൈസ്കൂ‍ള്‍. അടുത്തകൊല്ലം മുതല്‍ ഇപ്പഴത്തെ സ്കൂള് വിട്ട്, ഇവിടെ ചേര്‍ന്ന് പഠിക്കണമെന്നാണ് മത്തായി സാറ് പറഞ്ഞിരിക്കുന്നത്. ക്ലാസ്സിലെ ഏറ്റവും മിടുക്കനല്ലേ. അത് കൊണ്ട്, അകന്ന ബന്ധു കൂടിയായ മത്തായി സാറിന്, വല്യ കാര്യമാണ്.

വെയില്‍ മൂത്ത് വരുന്നു. കഴുത്ത് വേദനിക്കുന്നുണ്ട്. എവിടെയെങ്കിലും ഒരു ‘ചുമട്-താങ്ങി‘ (3) കണ്ടിരുന്നേല്‍ കുട്ടയുടെ കെട്ട് കുറച്ച് നേരത്തേയ്ക്ക് ഒന്ന് ഇറക്കി വെയ്ക്കാമായിരുന്നു.

മുത്തോലിക്കവലയില്‍ നിന്ന് തൊമ്മിപ്പാപ്പനും ചാച്ചനും പിന്നാലെ കുഞ്ഞുമാണിയും ഇടത്തോട്ട് തിരിഞ്ഞു നടപ്പു തുടര്‍ന്നു. പാലായ്ക്കിനിയും ഒരു മണിക്കൂറോളം നടപ്പുണ്ട്. പാലായിലൊക്കെ റോഡു മുഴുവനും ടാറിട്ടു കാണും. ഇവിടെ വരെ എത്തിയില്ല. പാലായില്‍ നിന്ന് കോട്ടയം പട്ടണം വരെ ദിവസം രണ്ടും മൂന്നും തവണ പോയി വരുന്ന ബസ്സുകള്‍ ഈയിടെയായി ഉണ്ടത്രേ.

ഇപ്പം കഴുത്തു മാത്രമല്ല, കാലും വേദനിക്കുന്നുണ്ട്.

‘ചാച്ചാ...“

ചാച്ചന്‍ തിരിഞ്ഞുനോക്കി.

കുഞ്ഞുമാണിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. മുഖവും നെഞ്ചിന്‍ കൂടും മുഴുവന്‍ വിയര്‍ത്തൊലിക്കുന്നുണ്ട്. തോളിലിട്ട തോര്‍ത്തിന്റെ പകുതിയും നനഞ്ഞ്, നെഞ്ചില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു.

“എന്നാടാ..? “ ചോദ്യത്തിലൊരു മയമുണ്ട്.

ഇവടെങ്ങാനും ചുമട് താങ്ങിയൊണ്ടോ, ചാച്ചാ ?

പെട്ടെന്ന്, തൊമ്മിപ്പാപ്പന്‍ ഇടപെട്ടു.

“എടാ.. പന്ത്രണ്ട് വയസ്സായ ചെറുക്കനല്ലേ, ഒരു കെട്ട് കൊട്ട തലയില്‍ വച്ചിത്രേം നടന്നതിനാണോ ഈ പതിയാരം. വേഗം നടന്ന് പാലായില്‍ ചെന്നില്ലേല്‍ ആള്‍ക്കാര് വല്ലോരുടേം അടുത്ത് നിന്ന് കൊട്ടയും പായും മേടിച്ചോണ്ട് വീട്ടീപ്പോകും. പിന്നെയീ നടന്നത് മുഴുവന്‍ വെറുതേ..“

അന്ന്, ആദ്യമായും അവസാനമായും ചാച്ചന്‍ ഇത്തിരി മനുഷ്യപ്പറ്റ് കാണിച്ചു.

“അവന്‍ ആദ്യാ‍യിട്ടല്ലേ ചേട്ടായീ കൊട്ട വില്‍ക്കാന്‍ തലേല്‍ ചൊമന്നോണ്ട് പോകുന്നെ. മടുത്തുകാണും. എവിടെയേലും അവനൊന്നിരിക്കട്ടെ“

തൊമ്മിപ്പാപ്പന്‍ എതിര്‍ത്തൊന്നും പറയുന്നില്ലെന്ന് കണ്ട് കുഞ്ഞുമാണി ചുറ്റും നോക്കി. അധികം ദൂരത്തല്ലാതെ തന്നെ വഴിയരികില്‍ ഒരു പാറക്കൂട്ടം കാണാം. പതുക്കെ നടന്ന് ചെന്ന് തലയിലിരുന്ന കുട്ടയുടെ കെട്ട് കുഞ്ഞുമാണി അവിടെയിറക്കി വച്ചു. തൊമ്മിപ്പാപ്പനും ചാച്ചനും അടുത്ത് വന്ന് ഇരുന്നു.

“എടാ, ഈ കാണുന്ന പാറയില്ലാരുന്നേല്‍ പിന്നെ കുഞ്ഞുമാണി എന്നാ ചെയ്യും, കൊട്ട ചൊമന്ന് മടുക്കുമ്പോള്‍ എവിടെ ഇറക്കി വക്കും ? “ തൊമ്മിപ്പാപ്പന്റെ ചോദ്യം. ചാച്ചനോടാണ്.

“ഇനി വരുന്ന കാലത്തൊന്നും കൊട്ട ചുമക്കേണ്ടാ, തൊമ്മിപ്പാപ്പാ... ഇതിലേ വണ്ടി വന്നൂ, കരിഗ്യാസു വണ്ടി (4)“

ആവേശത്തില്‍ സ്വരം ഉയര്‍ത്തിയുള്ള കുഞ്ഞുമാണിയുടെ മറുപടി കേട്ട് ചാച്ചന്റെ മുഖം ഇരുണ്ടു.

‘മൂത്തവര്‍ ഇരിക്കുമ്പം വാ പൊളിക്കുന്നോടാ.. മതി ഇരുന്നത്, എണീക്ക്, പാലാച്ചന്തയിലെത്താന്‍ താമസിച്ചാല്‍ ഇന്ന് ഈ കൊട്ടയും പായുമൊന്നും വില്‍ക്കാന്‍ പറ്റില്ല‘

ജാഥ, ക്ഷീണം മറന്ന് മുന്നോട്ട്....

പാലായെത്താന്‍ പകുതി വഴി ബാക്കി. പെട്ടെന്നാണ് ദൂരേന്ന് ഒരു ഇരമ്പല്‍ കേള്‍ക്കുന്നത്. കുഞ്ഞുമാണി തിരിഞ്ഞ് നോക്കി.

അതേ... അത് അതു തന്നെ.

വണ്ടി !

കരിഗ്യാസു വണ്ടി !!

കരിയും പുകയും പരത്തി, വലിയ ഇരമ്പല്‍ കേള്‍പ്പിച്ച് കരിഗ്യാസു വണ്ടി അടുത്തു വരുന്നു. വലിയ വേഗമൊന്നും ഇല്ല. മുന്‍പിലൊരു ചില്ല് ഇട്ടിട്ടുണ്ട്. ചില്ലിന് പിന്നില്‍ ഒരു ചക്രത്തേല്‍ പിടിച്ച് ഒരാളിരിപ്പുണ്ട്.

വണ്ടി പതിയെ കടന്ന് പോയി. അപ്പോള്‍ കാണാം. അകത്ത് എട്ടു പത്തു പേര്‍ ഉണ്ട്. എല്ലാവരും പുറത്തേയ്ക്ക് നോക്കി കാഴ്ച കാണുന്നു. വഴിയേ നടന്ന് പോകുന്നവരെയൊക്ക് പുച്ഛത്തോടെ നോക്കുന്നു.
ആദ്യമായി കരിഗ്യാസു വണ്ടിയില്‍ കയറിയതിന്റെ ഗമയാരിക്കും.

എന്നാണിതേലൊന്ന് കേറാന്‍ പറ്റുക. ഒരാള്‍ക്ക്, രണ്ടണ വീതം കൊടുത്താല്‍ മുത്തോലിയില്‍ നിന്ന് പാലാ വരെയും പിന്നെയും അത്ര തന്നെ കൊടുത്താല്‍ പാലായില്‍ നിന്ന് മുത്തോലി വരെയും വണ്ടിയില്‍ കയറ്റും എന്നാണ് മത്തായിസാറ് ഒരു ദിവസം സ്കൂളില്‍ പറഞ്ഞത്. അമ്മച്ചിയോട് ചോദിച്ചാല്‍ ഒരിക്കലും അമ്മച്ചീടെ കൈയില്‍ ഒരണ പോലും കാണത്തില്ല. ചാച്ചനോട് ചോദിച്ചാലോ....

തൊമ്മിപ്പാപ്പനും ചാച്ചനും വണ്ടി കടന്ന് പോകുന്നത് നോക്കി നില്‍ക്കുകയാണ്. ഇച്ചിരെ മുന്‍പെ എന്നെ വഴക്ക് പറഞ്ഞതാണ്. എന്നിട്ടാണ് ഇപ്പോള്‍ കരിഗ്യാസു വണ്ടി കണ്ടപ്പോള്‍ നോക്കി നില്‍ക്കുന്നത്.

---------------

ചന്തേല്‍ എന്തൊരു തിരക്കായിരുന്നു. പാലാക്കാര് മുഴുവനും ഇന്ന് ചന്തേലൊണ്ടാരുന്നെന്ന് തോന്നുന്നു. ഹൊ. തോമ്മിപ്പാപ്പനേതായാലും ഇന്ന് കോളടിച്ച മട്ടാണ് കാണുന്നത്. കൊണ്ട് വന്ന പായ് മുഴുവനും പറഞ്ഞ വിലയ്ക്ക് തന്നെ വിറ്റെന്ന് തോന്നുന്നു. മുഖത്തെ സന്തോഷം കണ്ടില്ലേ. മൊത്തം ഒന്ന് രണ്ട് രൂപായെങ്കിലും ഇന്ന് കിട്ടിക്കാണും.

ചാച്ചന്റെ കൊട്ടകളും ഒരു മാതിരി നല്ല ലാഭത്തിലാ പോയത്. ഇത്രേം കിട്ടുമെന്ന് ചാച്ചന്‍ കരുതിയതല്ലെന്ന് തോന്നുന്നു. ചാച്ചന്റെ മുഖത്തും തെളിച്ചം കാണാം.

“എടാ, എന്നാലിനി പോയേച്ചാലോ...“തൊമ്മിപ്പാപ്പന്‍ ചാച്ചനോട് ചോദിച്ചു.

“ആ, അതിനെന്നാ, പോയേക്കാം“.ചാച്ചന്റെ മറുപടി. “ഉച്ചയ്ക്ക് മുന്‍പെങ്കിലും വീട്ടിലെത്തിയാല്‍ ആ വട്ടമരത്തിന്റെയെല്ലാം ചവറൊന്ന് വെട്ടിയിറക്കി തെങ്ങിന് വളമിടാമായിരുന്നു. എത്ര ദിവസമായി ചെയ്യണമെന്ന് കരുതുന്നതാ..“

ചന്തയില്‍ നിന്ന് ഇറങ്ങി മുത്തോലിക്കുള്ള വഴിയേ ജാഥ നടന്നു തുടങ്ങി.

ചന്ത കഴിഞ്ഞ്, പള്ളിക്കവലയെത്തിയപ്പോള്‍......

പിന്നില്‍ വീണ്ടും ഒരു ഇരമ്പല്‍.

കുഞ്ഞുമാണി തിരിഞ്ഞ് നോക്കി.

അതേ... അത് അതു തന്നെ !

വണ്ടി !

കരിഗ്യാസു വണ്ടി !!

കരിയും പുകയും പരത്തി ഇരമ്പല്‍ കേള്‍പ്പിച്ച് കരിഗ്യാസു വണ്ടി അടുത്തു വരുന്നു. വലിയ വേഗമൊന്നും ഇല്ല. മുന്‍പിലൊരു ചില്ല് ഇട്ടിട്ടുണ്ട്. ചില്ലിന് പിന്നില്‍ ഒരു ചക്രത്തേല്‍ പിടിച്ച് ഒരാളിരിപ്പുണ്ട്.

‘ചാച്ചാ.... “ കുഞ്ഞുമാണി പിന്നില്‍ നിന്ന് വിളിച്ചു.

എന്നാടാ‍....

കുഞ്ഞുമാണി കരിഗ്യാസു വണ്ടിയെ കൈ ചൂണ്ടിയിട്ട് ചാച്ചന്റെ നേരെ നോക്കി.

ചാച്ചന് കാര്യം പിടി കിട്ടി. ചാച്ചന്‍ തൊമ്മിപ്പാപ്പനെ ഒന്ന് നോക്കി.

“ഇല്ല, ഞാനില്ല അതേല്‍ കേറാന്‍. മോളും കെട്ടിയോനും വരുമ്പം, അവളെ കെട്ടിച്ചതിന്റെ തുകയോ മുഴുവനും കൊടുത്തില്ല, അവള്‍ടെ കൊച്ചിന് ഒരു തരി പൊന്നെങ്കിലും കാതിലിട്ട് കൊടുക്കണ്ടേ. അതിന് അരിച്ച് പെറുക്കി കൂട്ടിക്കൊണ്ടിരിക്കുകാ ഞാന്‍. അതിനിടെ വണ്ടിയേല്‍ കേറാന്‍ രണ്ടണ കൊടുക്കാന്‍ പറ്റുവോ. നീ ഈ ചെറുക്കന്‍ പറഞ്ഞത് കേട്ട്, രണ്ടും രണ്ടും നാലണ മുടക്കി ഈ വണ്ടിയേല്‍ കേറാനൊന്നും നിക്കണ്ടാ.. ഒരു മൂപ്പിനങ്ങ് നടന്നാല്‍ ഒറ്റ നടപ്പിന് വീട്ടീ ചെന്ന് ഉച്ചയ്ക്കത്തെ കഞ്ഞി കുടിക്കാം. ഈ വണ്ടിയൊക്കെ, ചക്രം മിച്ചമൊള്ളോര്‍ക്ക് കേറാനൊള്ളതാ. പായും കൊട്ടയും നെയ്ത് വിറ്റ് കഞ്ഞി കുടിക്കുന്ന നമ്മക്കൊന്നും അത് പറഞ്ഞിട്ടില്ല“

ചാച്ചന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ തൊമ്മിപ്പാപ്പന്‍ നടന്ന് തുടങ്ങി.

കുഞ്ഞുമാണിയുടെ മുഖം വാടി.

“വേഗം നടക്കെടാ കുഞ്ഞുമാണീ....വീട്ടീ ചെന്നിട്ട് എന്തോരം പണിയൊള്ളതാ...“ കരിഗ്യാസു വണ്ടിയുടെ ഇരമ്പലില്‍ ചാച്ചന്‍ പിന്നെ പറഞ്ഞതൊന്നും കുഞ്ഞുമാണി കേട്ടില്ല. വണ്ടി പതിയെ കുഞ്ഞുമാണിയെ കടന്ന് പോയി. അതിലിരുന്ന യാത്രക്കാരൊക്കെ കുഞ്ഞുമാണിയെ തുറിച്ചു നോക്കി. വണ്ടിയുടെ പുകക്കുഴലില്‍ നിന്ന് വരുന്ന കട്ടിയേറിയ പുകയില്‍ തൊമ്മിപ്പാപ്പന്‍ മൂടിപ്പോകുന്നത് കുഞ്ഞുമാണി നോക്കി നിന്നു.

തലയില്‍ ചുമടൊന്നും ഇല്ലാഞ്ഞിട്ടും കുഞ്ഞുമാണിയുടെ കണ്ണ് നിറഞ്ഞിരുന്നു. പുക കൊണ്ടായിരിക്കണം.

************************************************************

(1) അന്നത്തെ നസ്രാണി സ്ത്രീകള്‍ പാവാട വിശറി പോലെ ഞൊറിയിട്ട്, മുണ്ട് ഉടുത്തിരുന്നു.
(2) കുട്ടയും മറ്റും കെട്ടാന്‍ ഉപയോഗിക്കുന്ന പനമ്പിന്റെ വള്ളി
(3) ചുമട് താങ്ങി - പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, സാധനങ്ങള്‍ പ്രധാനമായും തലച്ചുമടായി കൊണ്ട് പോയിരുന്നപ്പോള്‍, ഇടയ്ക്ക് ഭാരം ഇറക്കി വയ്ക്കാന്‍ വേണ്ടി ആള്‍-പൊക്കമുള്ള കരിങ്കല്ലുകള്‍ വഴിയരികില്‍ നാട്ടി നിര്‍ത്തുമായിരുന്നു.
(4) കരിഗ്യാസു വണ്ടി - ആദ്യകാല ബസ്സുകള്‍ക്ക് കരിഗ്യാസുവണ്ടി എന്ന് അപരനാമം ഉണ്ടായിരുന്നു.

Archives

July 2006   August 2006   September 2006   October 2006   November 2006   December 2006   March 2007   May 2007  

This page is powered by Blogger. Isn't yours?

olu